തൃശൂർ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം സംരംഭത്തിന് കേരളം വേദിയാകുന്നു. ആലപ്പുഴ, കുമരകം എന്നിവിടങ്ങളിൽ ഒഴുകുന്ന പുരവഞ്ചിയിലും മാരാരി കടലോരത്തും കൊച്ചിയിലെ ഹോട്ടലിന്റെ പതിനഞ്ചാം നിലയിലും ചാലക്കുടിപ്പുഴയുടെ തീരത്തുമായി വിദേശികളും സ്വദേശികളും ഒത്തുചേരുന്ന അന്തർദേശീയ ചെസ് മത്സരമാണ് ഒരുക്കുന്നത്. 26 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് പരിപാടി.
ചെസ് മത്സരത്തോടൊപ്പം മനോഹരങ്ങളായ ഇടങ്ങളിലേക്ക് പുരവഞ്ചി സവാരികൾ, കുമരകത്തെ റെസ്പോണ്സിബ്ൾ ടൂറിസം അനുഭവം, കടൽക്കരയിലെ അസ്തമയ ദൃശ്യം, ഫോർട്ട് കൊച്ചി വിനോദയാത്ര, പാരന്പര്യ കേരളീയ ഗ്രാമാനുഭവങ്ങൾ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര എന്നിവയും കോർത്തിണക്കിയിരിക്കുന്നു. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഭക്ഷ്യവിഭവങ്ങളും മത്സരാർഥികൾക്കായി ഒരുക്കും.
ലോക ചെസ് ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രഫ. എൻ.ആർ.അനിൽകുമാർ, മുൻ ഇന്ത്യൻ ചെസ് താരങ്ങളായ ഡോ.പി. മനോജ് കുമാർ, ജോ പറപ്പിള്ളി എന്നിവരും ചെസ് പ്രേമികളായ പ്രഫ.അജിത്കുമാർ രാജ , അഡ്വ. പ്രശാന്ത് സുഗതൻ, ജോജു തരകൻ, ശ്രീശങ്കർ എന്നിവരും അടങ്ങുന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ചെസ് ഹൗസ് ബോട്ട് 2020 എന്ന ഈ ചെസ് ടൂറിസം പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ചെക്ക് റിപ്പബ്ലിക്ക്, ജർമനി, നെതർലാൻഡ്സ്, ആസ്ട്രിയ, ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. വിജയികൾക്ക് മൊത്തം 5000 യൂറോവിനു തുല്യമായ സമ്മാനങ്ങൾ നൽകും. 27നു രാവിലെ 10ന് ആലപ്പുഴയിലെ കായൽ പരപ്പിൽ ചലിക്കുന്ന ഹൗസ് ബോട്ടിൽ വച്ച് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് ഉദ്ഘാടനം നിർവഹിക്കും.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വർഷം തോറും നടക്കുന്ന ചെസ് തീവണ്ടിയും ഗ്രീസിലെ ക്രെറ്റെ ദ്വീപിൽ റിസോർട്ടുകളിൽ നടക്കുന്ന മത്സരങ്ങളുമാണ് ചെസും ടൂറിസവും സംയോജിപ്പിച്ച് ലോകത്തു നടക്കുന്ന മറ്റു പരിപാടികൾ.