ആലപ്പുഴ: രാജ്യത്തെ പ്രഥമ ചെസ് ടൂറിസം സംരംഭത്തിനു തുടക്കമായി. ഒഴുകുന്ന ഹൗസ് ബോട്ടിൽ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കി നടത്തുന്ന അന്തർദേശീയ ചെസ് മത്സരം ഏഴു ചെസ് പ്രേമികളുടെ കൂട്ടായ്മയായ ഓറിയൻറ് ചെസ് മൂവ്സും കേരളാ ടൂറിസവും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ കായലിൽ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിൽ വച്ച് കേരള ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പ്രാഗ് ചെസ്സ് ട്രെയിൻ ടൂർണമെന്റിന്റെ മുഖ്യ സംഘാടകനായ പാവൽ മറ്റോച്ച, ചെസ് ഒളിന്പ്യനും പരിപാടിയുടെ ചീഫ് ഓർഗനൈസറുമായ പ്രഫ. എൻ.ആർ. അനിൽകുമാർ, ഓറിയന്റ് ചെസ് മൂവ്സ് സെക്രട്ടറി പ്രഫ. അജിത്കുമാർ രാജ തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴയിലും കുമരകത്തും ഹൗസ് ബോട്ടുകൾ, മാരാരി ബീച്ച് റിസോർട്ട്, എറണാകുളത്തിന്റെ ഹോട്ടലിന്റെ പതിനഞ്ചാം നില, ചാലക്കുടിയിലെ കേരളീയ ഹെറിറ്റേജ് ഗ്രാമം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ജർമനി, ഹോളണ്ട്, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള പത്തു കളിക്കാർ അടക്കം 40 പേരാണ് മത്സങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൽ 21 പേർ ലോക ചെസ് ഫെഡറേഷന്റെ അന്തർദേശീയ റേറ്റിംഗ് ഉള്ളവരാണ്.