ന്യൂയോർക്ക്: 2024 കലണ്ടർ വർഷത്തിലെ കരുനീക്കത്തിൽ ലോകത്തിന്റെ നെറുകയിൽ ഇന്ത്യ. 2024 ചെസ് ഒളിന്പ്യാഡ്, 2024 ഫിഡെ ഓപ്പണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഡി. ഗുകേഷിന്റെ കിരീടം, 2024 റാപ്പിഡ് വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയുടെ ചാന്പ്യൻപട്ടം എന്നിവയ്ക്കുശേഷം ആർ. വൈശാലിയിലൂടെ മറ്റൊരു നേട്ടവും ഇന്ത്യയിലേക്ക്.
2024 ഫിഡെ ബ്ലിറ്റ്സ് ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം വെങ്കലം ആർ. വൈശാലി സ്വന്തമാക്കി. 2024 ഫിഡെ റാപ്പിഡ് ചെസിൽ കൊനേരു ഹംപിയുടെ ചാന്പ്യൻപട്ടത്തിനു പിന്നാലെയാണ് ബ്ലിറ്റ്സിൽ വൈശാലിയുടെ വെങ്കലം.
സൂപ്പർ വൈശാലി
ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സ്ഹു ജിനെറിനെ 2.5-1.5നു കീഴടക്കി വൈശാലി സെമിയിൽ പ്രവേശിച്ചു. സെമിയിലും ചൈനീസ് താരമായിരുന്നു എതിരാളി. ജു വെൻജുനോടുള്ള സെമി പോരാട്ടത്തിൽ 2.5-1.5നു വൈശാലി തോൽവി വഴങ്ങി. ഫൈനലിൽ വെന്നിക്കൊടി പാറിച്ചതും ജു വെൻജുനാണ്.
സെമിയിൽ പ്രവേശിച്ചതോടെ വൈശാലി വെങ്കലത്തിന് അർഹയായി. പ്രഗ്യാനന്ദയുടെ സഹോദരിയാണ് ഇരുപത്തിമൂന്നുകാരിയായ വൈശാലി. 12-ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തിയ താരമാണ് ഈ ചെന്നൈ സ്വദേശിനി. 2024 ചെസ് ഒളിന്പ്യാഡിൽ സ്വർണം നേടിയ ടീമിലെ പ്രധാനിയായിരുന്നു വൈശാലി.
വെങ്കല നേട്ടത്തിൽ വൈശാലിയെ ഇന്ത്യൻ ചെസ് ഇതിഹാസവും അഞ്ചു തവണ ലോക ചാന്പ്യൻപട്ടത്തിൽ എത്തുകയും ചെയ്ത വിശ്വനാഥൻ ആനന്ദ് അഭിനന്ദിച്ചു. കൊനേരു ഹംപിയുടെ നേട്ടത്തെയും പ്രത്യേകം അഭിനന്ദിച്ച ആനന്ദ്, ഇന്ത്യയുടെ 2024 ചെസ് വർഷം അഭിവൃദ്ധിയുടേതായിരുന്നു എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിലവിൽ ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ (ഫിഡെ) വൈസ് പ്രസിഡന്റാണ് വിശ്വനാഥൻ ആനന്ദ്.