മുംബൈ: ഹോളിവുഡിൽനിന്ന് ആരംഭിച്ച മീടു കാന്പയിൻ ഇന്ത്യയിലും സജീവമാകുന്നു. എഴുത്തുകാരൻ ചേതൻ ഭഗത്താണ് ഇത്തരത്തിൽ കുരുക്കിൽപ്പെട്ടിരുക്കുന്ന പ്രമുഖരുടെ പട്ടികയിലെ അവസാനക്കാരൻ. ഒരു വനിതാ മാധ്യമപ്രവർത്തകയാണ് ചേതനെതിരേ ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ചേതൻ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും യുവതി ട്വിറ്ററിൽ പങ്കുവച്ചു.
ചേതൻ ഭഗത് തന്നോടു പ്രണയാഭ്യർഥന നടത്തുന്നതിന്റെയും അതിന് യുവതി നൽകിയ മറുപടിയുമാണ് സ്ക്രീൻ ഷോട്ടിലുള്ളത്. പ്രണയാഭ്യർഥന നടത്തിയ എഴുത്തുകാരനോട് താങ്കൾ വിവാഹിതനാണെന്നും സാധാരണക്കാരനെപ്പോലെ പെരുമാറരുതെന്നും യുവതി ഓർമിപ്പിക്കുന്നുണ്ടെങ്കിലും പിൻമാറാൻ ചേതൻ ഒരുക്കമല്ല. വിവാഹിതനാണെങ്കിലും ഏറെക്കാലത്തിനുശേഷമാണ് ഒരു സ്ത്രീ തന്നെ ആകർഷിക്കുന്നതെന്ന് ചേതൻ വാട്സ്ആപ്പ് ചാറ്റിൽ പറയുന്നു.
പ്രണയാഭ്യർഥനയുടെ ഈ സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ പങ്കുവച്ചതോടെ കുറ്റം സമ്മതിച്ച് മാപ്പ് അപേക്ഷയുമായി ചേതൻ രംഗത്തെത്തി. സ്ക്രീൻഷോട്ടുകളും ആരോപണവും ശരിയാണെന്നും സൗഹൃദത്തെ തെറ്റിദ്ധരിച്ചു പോയപ്പോൾ സംഭവിച്ചതാണെന്നും ചേതൻ പറഞ്ഞു. തന്റെ ഭാര്യയോട് ഇക്കാര്യം ഇപ്പോൾ തുറന്നു പറഞ്ഞെന്നും അവരോട് മാപ്പ് ചോദിക്കുന്നുവെന്നും ചേതൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ബോളിവുഡ് നടൻ നാന പടേക്കർക്കെതിരേ ലൈംഗിക ആരോപണവുമായി രംഗത്തെത്തി നടി തനുശ്രീ ദത്തയാണ് ആദ്യം ഞെട്ടിച്ചത്. പിന്നാലെ സംവിധായകൻ വികാസ് ബാലിനെതിരേ നടി കങ്കണ റണൗത്തും ആരോപണം ഉന്നയിച്ചു. എഐബി സ്റ്റാൻഡപ്പ് കൊമേഡിയൻ ഉത്സവ് ചക്രബർത്തിക്കെതിരേയും ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് എഐബി ഉത്സവുമായുള്ള കരാർ റദ്ദാക്കി.