മുംബൈ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഇതോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു.
നൂറാം മത്സരത്തിനിറങ്ങി ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയും(68, 90+1 മിനിറ്റുകൾ) ഒരു ഗോൾ നേടിയ ജെജെയുടെയും (71-ാം മിനിറ്റ്) മികവിലാണ് ഇന്ത്യയുടെ തകർപ്പൻ വിജയം.
ആദ്യകളിയിൽ കാണികൾ ഇല്ലാത്തതിനെത്തുടർന്ന് ഛേത്രി ഇന്നത്തെ മത്സരത്തിലേക്ക് കാണികളെ ക്ഷണിച്ചിരുന്നു. ഛേത്രിയുടെ അഭ്യർഥന മാനിച്ച് എത്തിയ ആരാധകർ മുംബൈ ഫുട്ബോൾ അരീനയിൽ തിങ്ങിനിറഞ്ഞു.
മത്സരം തുടക്കം മുതൽ മഴയിൽ മുങ്ങിയെങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു ഇന്ത്യയുടെ കളി. ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കളം നിറഞ്ഞു.
ഇന്ത്യക്കായി നൂറാം മത്സരം കളിച്ച ഛേത്രി ഇരട്ട ഗോൾ നേട്ടത്തോടെ ആകെ ഗോൾ 61 ആക്കി ഉയർത്തി. നിലവിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനായി കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ മെസിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.