പാക്കിസ്ഥാനെതിരായ സാഫ് ഗെയിംസ് ഫുട്ബോൾ മത്സരം നടന്ന ബംഗളൂരുവിലെ ശ്രീ കണ്ഠീവര മൈതാനത്തിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് സ്റ്റാൻഡിൽ ഒരു ബാനർ കെട്ടിയിരുന്നു. ഇമ്മോർട്ടൽ നന്പർ 11 (അമർത്യനായ പതിനൊന്നാം നന്പറുകാരൻ) എന്നായിരുന്നു അതിലെ എഴുത്ത്.
ഇന്ത്യൻ വീരനായകൻ സുനിൽ ഛേത്രിക്കുള്ള ഫുട്ബോൾ ആരാധകരുടെ ആദരം. ഛേത്രിയുടെ മൈതാനത്തെ ഓരോ ചുവടുകളും ആരാധകർ ആഘോഷമാക്കി. എന്തുകൊണ്ട് ഛേത്രിക്കൊപ്പം ആളുകൂടുന്നു. കാരണമറിയാൻ അകലേക്കൊന്നും തെരഞ്ഞുപോകേണ്ട.
38 വയസാണ് ഛേത്രിക്കു പ്രായം. കളിക്കളത്തിൽ ഇപ്പോഴും മധുരപ്പതിനേഴിന്റെ കുതിപ്പ്. കഴിഞ്ഞയാഴ്ച ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുന്നിൽനിൽക്കുന്ന ലബനനെതിരേ ഇന്ത്യ വിജയം നേടിയപ്പോൾ ഒരു ഗോൾ ഛേത്രിയുടെ വകയായിരുന്നു. കഴിഞ്ഞ ദിവസവും കാര്യങ്ങൾ വ്യത്യസ്തമായില്ല.
സ്റ്റേഡിയം നിറഞ്ഞ കാണികളെ സാക്ഷിയാക്കി ഒരു ഹാട്രിക്. അതും ബദ്ധവൈരികളായ പാക്കിസ്ഥാനെതിരേ. ഇന്ത്യൻ ഫുട്ബോളിന്റെ രാജാവാണു താനെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്ന പ്രകടനം. ഇതിൽക്കൂടുതൽ എന്തുവേണം?
പുരാൻ ബഹാദുർ ഥാപ്പയ്ക്കും ഐ.എം. വിജയനുശേഷം പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ആദ്യ ഹാട്രിക് എന്ന സവിശേഷത ഛേത്രിയുടെ പ്രകടനത്തിനുണ്ട്. 18 വർഷം മുന്പ് 2005ൽ പാക്കിസ്ഥാനെതിരേ ക്വറ്റയിലായിരുന്നു ഛേത്രിയുടെ അന്താരാഷ്ട്ര അരങ്ങേറ്റമെന്നതു മറ്റൊരു പ്രത്യേകത.
138 മത്സരങ്ങളിൽനിന്ന് ഇന്ത്യക്കായി ഛേത്രിയുടെ നേട്ടം 90 ഗോളാണ്. അന്താരാഷ്ട്ര ഗോൾവേട്ടക്കാരിൽ നാലാം സ്ഥാനത്ത്.
ഈ പട്ടികയിൽ മുന്പൻമാരുടെ പേരുകേട്ടൽ ഞെട്ടരുത്! ക്രിസ്റ്റ്യാനോ റൊണാൾഡോ (123), അലി ദേയി (109), ലയണൽ മെസി (103) എന്നിവർക്കു പിന്നിലാണു ഛേത്രിയുടെ സ്ഥാനം. ഇന്ത്യയുടെ മെസിയും റൊണാൾഡോയുമെല്ലാം ഛേത്രിയാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇന്ത്യക്കാർ വിശ്വാസമർപ്പിക്കുന്നത് ആ ബൂട്ടുകളിലാണ്.
കുറച്ചുകാലംകൂടി ഛേത്രി ഇന്ത്യൻ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ആരവം തീർക്കും. ഫുട്ബോൾ ആരാധകർ ആസ്വദിക്കട്ടെ.
വ്യക്തിഗത നേട്ടങ്ങൾ
►ഏഷ്യൻ പുരുഷ ഗോൾനേട്ടക്കാരിൽ രണ്ടാമത്
►നിലവിൽ കളിക്കുന്ന അന്താരാഷ്ട്ര താരങ്ങളിൽ ഗോൾനേട്ടത്തിൽ മൂന്നാമത്