കണ്ണൂര്‍: ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി സിപിഎം നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് രക്തസാക്ഷി സ്മാരക മന്ദിരം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനം വൈകുന്നേരം ആറിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവഹിക്കുമെന്ന് പ്രാദേശിക നേതൃത്വം പറയുന്പോഴും പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ എം.വി.ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം എം.വി.ഗോവിന്ദൻ ഒഴിഞ്ഞു മാറിയിരുന്നു. ഇത് പ്രാദേശിക തലത്തിലുള്ള വിഷയമാണെന്നും പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ബോംബ് നിർമാണത്തിനിടയിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ പറഞ്ഞിരുന്നു. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണെന്നും പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
2015 ജൂൺ ആറിനായിരുന്നു സ്ഫോടനത്തിൽ ഇരുവരും മരിച്ചത്. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ കുന്നിൻ മുകളിൽ ബോംബ് നിർമാണത്തിലേർപ്പെടുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നായിരുന്നു പോലീസിന്റെ എഫ്ഐആർ. സംഭവം നടന്ന ഉടൻ തന്നെ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന് ഇതിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഇരുവരുടെയും പാർട്ടി ബന്ധംവരെ തള്ളിപ്പറഞ്ഞിരുന്നു.
എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങി നാട്ടിലെത്തിക്കുന്നതിലും സംസ്കാരചടങ്ങുകൾക്കും നേതൃത്വം വഹിക്കുന്നതിലും അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ മുന്നിലുണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു സംസ്കരിച്ചത്.
സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞവരുടെ സംസ്കാര ചടങ്ങിന് ജില്ലാ സെക്രട്ടറി പങ്കെടുത്തത് ചർച്ചയായപ്പോൾ ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള നീക്കത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ തള്ളി കണ്ണൂർ ജില്ലാ സെക്രട്ടറി സ്വീകരിച്ച നിലപാട് സിപിഎമ്മിനകത്തും ചർച്ചയായിരുന്നു. തൊട്ടടുത്ത വർഷം സിപിഎമ്മിന്റെ നേതൃത്വത്തിൽ സുബീഷ്, ഷൈജു രക്തസാക്ഷി ദിനാചരണവും നടത്തിയിരുന്നു. ബഹുജന പങ്കാളിത്തത്തോടെ പിരിവെടുത്താണ് സ്മാരക മന്ദിരം നിർമിച്ചത്.്