മറ്റത്തൂർ: പഞ്ചായത്തിലെ ചെട്ടിച്ചാലിനേയും മന്ദരപ്പിള്ളിയേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കുന്നു. വെള്ളിക്കുളം വലിയതോടിന്റെ കരയിലൂടെ നിർമിക്കുന്ന റോഡ് പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് വാസുപുരം, അവിട്ടപ്പിള്ളി, മൂന്നുമുറി എന്നിവിടങ്ങളിലേക്കെത്താൻ ദൂരം കുറയും.
മറ്റത്തൂർ പഞ്ചായത്തിലെ 23-ാം വാർഡിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ചെട്ടിച്ചാലിനെ മന്ദരപ്പിള്ളി പ്രദേശവുമായി ബന്ധപ്പെടുത്തുന്ന റോഡ്. ഇപ്പോൾ പാടവരന്പിലൂടെയാണ് ചെട്ടിച്ചാൽ നിവാസികൾ മന്ദരപ്പിള്ളിയിലേക്ക് എത്തുന്നത്.
വെള്ളിക്കുളം വലിയ തോടിന്റെ കരയിലൂടെ ഇപ്പോൾ നിലവിലുള്ള ചെമ്മണ്‍പാത വികസിപ്പിച്ചാണ് പുതിയ റോഡ് നിർമിക്കുന്നതെന്ന് മറ്റത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് പറഞ്ഞു. ഇതിന്റെ ആദ്യപടിയായി തോടിന്റെ വശങ്ങൾ കരിങ്കൽകെട്ടി സംരക്ഷിക്കുന്ന പണികൾക്ക് തുടക്കം കുറിച്ചു.
7,07,000 വിനിയോഗിച്ചാണ് ഇപ്പോൾ റോഡിന് വേണ്ടി തോടിന്റെ വശം കരിങ്കൽ കെട്ടുന്നത്. രണ്ടാംഘട്ടത്തിൽ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കുക.