ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിനു സമീപത്തെ കാഴ്ചക്കണ്ടത്തിൽ അണിനിരന്ന 13 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾക്ക് മുന്പിൽ ഭക്തിസാന്ദ്രമായ ചെട്ടികുളങ്ങര അമ്മയുടെ എഴുന്നള്ളത്ത് ഇന്ന് പുലർച്ചെ നടന്നതോടെ ഈ വർഷത്തെ കുംഭ ഭരണി ഉത്സവത്തിന് സമാപനമായി.
എഴുന്നള്ളത്ത് ദർശിക്കാൻ ആയിരങ്ങൾ ഉറക്കം വെടിഞ്ഞും ക്ഷേത്ര സന്നിധിയിൽ കാത്തിരുന്നു. തീവെട്ടി വിളക്കുകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകന്പടിയോടെ ദേവിയെ ജീവതയിലേറ്റി വലം വച്ചശേഷം കാഴ്ചക്കണ്ടത്തിലെത്തിച്ചു. തുടർന്ന് ഓരോ കെട്ടുകാഴ്ചകൾക്ക് മുന്പിലുമെത്തി അമ്മ അനുഗ്രഹം ചൊരിഞ്ഞപ്പോൾ ഭക്തരും, കരക്കാരും ആർപ്പൂ വിളികളും വായ് ക്കുരവകളുമായി അമ്മയെ വരവേറ്റു.
ഭക്തി നിർഭരമായ ഈ ചടങ്ങുകളോടെ ഈ വർഷത്തെ കുംഭഭരണി ഉത്സവം സമാപിച്ചു. ദീപാരാധനക്കും എഴുന്നള്ളത്തിനും മധ്യേയുള്ള ഇടവേളയിൽ കഥകളിയും നടന്നു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിന് സമീപത്തെ കാഴ്ചക്കണ്ടത്തിൽ അണിനിരന്നത്.