ചെട്ടികുളങ്ങര: കുംഭഭരണി കെട്ടുകാഴ്ച നിർമാണവുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങരക്കാർ ഉപയോഗിക്കുന്ന തലമുറകൾ പഴക്കമുള്ളതും അവരുടേതായ അർത്ഥതലങ്ങളുള്ളതുമായ നിരവധി വാക്കുകളുണ്ട്.
തലമുറകൾ മാറി വന്നിട്ടുകൂടി കെട്ടുകാഴ്ച നിർമാണ സമയത്ത് തനതായ രീതിയിൽ ഇവർ ഇത് ഉപയോഗിക്കുന്നു എന്നുള്ളത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. തനതായ ഓണാട്ടുകര ശൈലിയിലുള്ള ഈ വാക്കുകൾ വ്യക്തമായും കൃത്യമായും അതിന്റെ അർഥത്തെ സംവേദനം ചെയ്യുന്ന നാട്ടുഭാഷയാണ്.
കുതിര, തേര്, എന്നിവ കെട്ടാൻ ഉപയോഗിക്കുന്ന പല വലിപ്പത്തിലുള്ളതും അളവിലുള്ളതുമായ തടികഷണങ്ങളെയും കമുകിൻ കീറുകളെയും അവയെ യോജിപ്പിക്കുന്ന രീതികളേയും അവർ പല പേരിട്ടു സന്ദർഭോചിതമായി വിളിക്കുന്നു. തലമുറകൾ മറക്കാതെ സൂക്ഷിക്കേണ്ട കെട്ടുകാഴ്ചയുടെ തച്ചുശാസ്ത്ര വൈദഗ്ധ്യത്തിന്റെ സൂക്ഷ്മ കണക്കുകൾ ഈ ലളിത പദാവലിയിൽ അന്തർലീനമാണ്.
അടിക്കൂട്ട്, ചാട്, ചീപ്പ്, വട്ടം വീശുക,അച്ചുതടി, ചിറകുപടികൾ, കുറ്റിക്കാൽ, മലർത്തു പടികൾ, കമഴ്ത്തുപടികൾ, താങ്ങുപടികൾ, താങ്ങുകാലുകൾ, തണ്ട്,ആപ്പ്,പിള്ളച്ചാട്,കട്ടിള,കതിരുകാൽ,വല്ലഴി,തിരുമിക്കെട്ട്,കുട്ടികന്പ്,കുത്തുകത്രിക,ചാരിക്കെട്ട്,കുടുംബക്കയർ,കപ്പി,പിള്ളക്കതിരുകാൽ,ഇല്ലത്തട്ട്,വെട്ടലക്,പക്കലക്,മൂലക്കോൽ,ചരിപ്പ്,ദളം,കോഴിക്കാൽ,അമണ്ഡം,ഓടുവല്ലഴി,കയറുപാകൽ,വെള്ളയിടീൽ,തൂക്ക്,വട്ടക്കെട്ട്,ഇടക്കൂടാരം,വൈരക്കൊടി,പ്രങട,മുടിച്ചട്ടം,മൃഗപടി,മേൽകൂടാരം,നാന്പ്,മണ്ഡപത്തറ,കൈക്കോൽ എന്നിവയാണ് ചെട്ടികുളങ്ങരയിൽ മാത്രം പ്രചാരത്തിലുള്ള വ്യത്യസ്ഥമായ കെട്ടുകാഴ്ച പദാവലി.
നിലവിൽ കെട്ടുത്സവങ്ങളുടെ നിർമാണം നടന്നു കൊണ്ടിരിക്കയാണ്.
29ന് കുഭ ഭരണി ദിവസം കൂട്ടായ്മയുടെ മെയ്ക്കരുത്തിനാൽ നിർമിക്കുന്ന കെട്ടുത്സവങ്ങൾ കരക്കാർ ദേവിയ്ക്കായി സമർപിക്കും.
കെട്ടുകാഴ്ചയിലെ ദാരുശിൽപങ്ങൾ
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയിൽ കുതിരയുടെ അലങ്കാരമാണ് പ്രഭട. അതിപുരാതന ക്ഷേത്രശിൽപരീതിയായ ദാരുശിൽപങ്ങളാണ് കുതിരകളിലെ പ്രഭടക്കു മിഴിവേകുന്നത്. ഈ പ്രഭടയിൽ പുരണകഥകളാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചെറിയഭാഗങ്ങളായി ഇളക്കിമാറ്റാവുന്ന രീതിയിലാണ് പ്രഭടയിലെ ദാരുശിൽപരൂപങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കുതിരകളുടെ ഇടക്കൂടാരത്തിനും ചരിപ്പുകൾക്കും ഇടയിലുള്ള സ്ഥലത്താണ് പ്രഭടകെട്ടുന്നത്. അലകിൻ ചട്ടത്തിലണ് പ്രഭട ഉറപ്പിക്കുക.
ആലവട്ടം, നെറ്റിപ്പട്ടം, വെഞ്ചാമരം, കടലാസ് പൂക്കൾ എന്നിവകൊണ്ടാണ് പ്രഭട അലങ്കരിക്കുന്നത്. ഈരേഴതെക്ക് കരയുടെ കുതിരയുടെ പ്രഭടയിൽ അനന്തശയനം, പാലാഴിമഥനം, കുരുക്ഷേത്രയുദ്ധം, കൃഷ്ണലീല എന്നിവകാണാം.
ഈരേഴ വടക്കുതുതിരയിൽ ദക്ഷയാഗം, കൃഷ്ണലീല പഞ്ചപാണ്ടവർ എന്നിവയും കൈതവടക്ക് കുതിരയിൽ ദക്ഷയാഗം കഥ പൂർണമായും കാണാം. പേള കരയുടെ കുതിരയിൽ ദശാവതാരവും കൈതതെക്ക് നടക്കാവ് എന്നീകുതിരകളിലും ആകർഷകങ്ങളായ ദാരുശിൽപരൂപങ്ങളുണ്ട്.
കുതിരയിൽ തത്തിക്കളിക്കുന്ന പാവക്കുരുന്നുകൾ
ചെട്ടികുളങ്ങര: ഈരേഴ തെക്ക് കുതിരയിലെ വലിയ ഒരു പ്രത്യേകതയാണ് കുതിയയുടെ നീക്കത്തിനനുസരിച്ച് തത്തിക്കളിക്കുന്ന പാവകുട്ടികൾ.
ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ ഇടക്കൂടാരത്തിനു താഴെയാണ് തത്തിക്കളിക്കുന്ന പാവകളെ സ്ഥാപിക്കുക. ഐതിഹ്യം ഇങ്ങനെ: ഇലഞ്ഞിലേത്ത് കുടുംബത്തിൽ സന്തതികൾ ഇല്ലാത്തതിന് കാരണവ·ാർ ഇടപ്പള്ളി തന്പുരാനെ സമീപിച്ചു.
തന്പുരാന്റെ നിർദേശ പ്രകാരം ചെട്ടികുളങ്ങര ദേവിയുടേയും ഇലഞ്ഞിലേത്തു കുടുംബക്കാരുടെയും വകയായി രണ്ട് പെണ്കുട്ടികളുടെ രൂപം നിർമിച്ചാൽ സന്തതികൾ ഉണ്ടാകുമെന്ന് പറഞ്ഞു.
ചെട്ടികുളങ്ങര ദേവിയുടെ രൂപം കൊത്തിയെടുത്ത ഇടവങ്കാട്ട് ആചാരി 41 ദിവസം വ്രതമെടുത്തു കൊത്തിയെടുത്തതാണ് പാവക്കുട്ടികളെ. കുട്ടികൾക്കുണ്ടാകുന്ന ബാലാരിഷ്ഠതകൾ, സന്താനലബ്ധി എന്നിവയ്ക്കായി പാവകൾക്കു ഉടയാടകൾ സമർപിക്കുന്ന ചടങ്ങും ഉണ്ട്.