ചെട്ടികുളങ്ങര: ഓണാട്ടുകരയില്‍ കുംഭമാസത്തിലെ ശിവരാത്രി നാളില്‍ ആരംഭിച്ച കുഭഭരണി മഹോത്സവ ആഘോഷങ്ങള്‍ പുരോഗമിക്കുന്നു. ശിരവാത്രി മുതല്‍ ആരംഭിച്ച വഴിപാട് വീടുകളിലെ കുത്തിയോട്ടങ്ങള്‍ ഇന്നലെ നടന്ന പൊലിവോടെ സമാപിച്ചു.
ഇന്ന് വിശ്രമദിവസമാണ്. കുംഭഭരണി ദിവസമായ നാളെ കുത്തിയോട്ട വഴിപാട് വീടുകളില്‍ നിന്നും കുത്തിയോട്ടബാലന്മാരെ ക്ഷേത്രസന്നിധിയിലെത്തിച്ചു നാലുപാദം വെയ്ക്കുന്നതോടെ കുത്തിയോട്ട വഴിപാടിന് പൂര്‍ണ്ണതയാകും .
ഈരേഴതെക്ക്,ഈരേഴവടക്ക്,കൈതതെക്ക്,കൈതവടക്ക്,പേള,നടക്കാവ് എന്നീകരക്കാര് കുതിരകളേയും കണ്ണമംഗലം തെക്ക്,കണ്ണമംഗലം വടക്ക്,കടവൂര്‍,ആഞ്ഞലിപ്ര,മേനാമ്പള്ളി എന്നീകരക്കാര് തേരുകളേയും മറ്റംതെക്ക് കരക്കാര് ഹനുമാനേയും പാഞ്ചാലിയേയും മറ്റം വടക്കു കരക്കാര് ഭീമനേയും അണിയിച്ചൊരുക്കുന്നു.
കരകളില്‍ ഒരുക്കങ്ങളുടെ തിരക്കാണ് 50 അടിയിലേറെ ഉയരം വരുന്ന കുതിരകളേയും തട്ടുകള്‍ കൊണ്ട് ആകര്‍ഷിണീയമായ തേരുകളുടേയും ഹനുമാന്റെയും ഭീമന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കുഭഭരണി ദിനമായ നാളെ ഉച്ചയോടെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമാകുമെന്നാണ് കരക്കാര് പറയുന്നത്.
കുത്തിയോട്ട ഭവനങ്ങളില്‍ നിന്നുള്ള കുത്തിയോട്ട ഘോഷയാത്രകള്‍ നാളെ രാവിലെ ആറ് മണിമുതല്‍ ക്ഷേത്രത്തില്‍ എത്തി ചേരും. ഇത്തവണ കരകളില്‍ നിന്നും പുറത്തു നിന്നുമായി 12 കുത്തിയോട്ടങ്ങളാണുള്ളത്. രാവിലെ കുത്തിയോട്ട വരവിനുശേഷം വൈകിട്ട് മൂന്നു മുതല്‍ 13കരക്കാരുടെയും കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തിച്ചേരും.
ക്ഷേത്ര തിരുമുന്പില് ദേവിയെ ദര്‍ശിച്ച് അനുഗ്രഹം നേടി വൈകിട്ട് നാല് മണിയോടെ ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെ കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ അണിനിരക്കും.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നള്ളുന്ന ദേവി തെക്കെമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്പില് എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭ ഭരണി മഹോത്സവങ്ങള്‍ക്ക് സമാപനം കുറിക്കും.
ഗതാഗതനിയന്ത്രണം
കുംഭഭരണി പ്രമാണിച്ച് ശനിയാഴ്ച ചെട്ടികുളങ്ങര മേഖലയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.ഉച്ചയ്ക്ക് ഒന്ന് മുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നതുവരെയാണ് നിയന്ത്രണം.
മാവേലിക്കരയില്‍ നിന്ന് ചെട്ടികുളങ്ങര വഴി കായംകുളത്തേക്കുള്ള വാഹനങ്ങള്‍ കണ്ടിയൂരില്‍ നിന്ന് തിരിഞ്ഞ് ഈരേഴ, കൊയ്പള്ളികാരാഴ്മ, ഒന്നാംകുറ്റി വഴി പോകണം.കായംകുളത്ത് നിന്ന് തട്ടാരമ്പലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പത്തിയൂര്‍, കണ്ണമംഗലം, കരിപ്പുഴ വഴി പോകണം.
ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.ഈരേഴ കൊച്ചാല്ത്തറമുക്കില് നിന്ന് പടിഞ്ഞാറേക്ക് ഇരുചക്രവാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ.
കെട്ടുകാഴ്ച ദൂരദര്‍ശനില്‍
കുംഭഭരണി കെട്ടുകാഴ്ചയുടെ ലൈവ് സംപ്രേഷണം ദൂരദര്‍ശനില്‍ ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഏഴ് വരെയും രാത്രി 7.30 മുതല്‍ 9.30 വരെയും ഉണ്ടാകും.മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സംപ്രേഷണം.ഡി.ഡി. മലയാളം, ഡി.ഡി. ഭാരതി ചാനലുകളിലും ദൂരദര്ശന് യുട്യൂബ് ചാനലിലും സംപ്രേഷണം കാണാം.
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ചെട്ടികുളങ്ങര: പുലര്‍ച്ചെ ആറു മുതല്‍ എത്തുന്ന കുത്തിയോട്ടങ്ങള്‍ ക്ഷേത്രവളപ്പില്‍ 130 വാളണ്ടിയര്‍മാര്‍ നിയന്ത്രിക്കും.ക്ഷേത്രത്തിന്റെ തെക്ക്, കിഴക്ക്, വടക്ക് വശങ്ങളിലുള്ള ഗേറ്റുകളിലൂടെ എത്തുന്ന കുത്തിയോട്ടങ്ങളെ മുന്‍ഗണനാക്രമത്തില്‍ അകത്തേക്ക് പ്രവേശിപ്പിക്കും.
കുത്തിയോട്ടം നടത്തുന്ന വഴിപാടുകാരനൊപ്പമുള്ള ഇരുപത്തഞ്ച് പേര്‍ക്കും കുത്തിയോട്ട കുട്ടികള്‍ക്കും ആശാനും മാത്രമേ നടപ്പന്തലില്‍ എത്തി തിരുമുമ്പില്‍ നില്ക്കാന് അനുവാദമുളളു.ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള ഗേറ്റിലൂടെ കുത്തിയോട്ട വഴിപാട് പൂര്‍ത്തീകരിച്ചവര്‍ പുറത്തേക്ക് പോകണം.
കുത്തിയോട്ടങ്ങള്‍ കടന്നുവരുന്ന വേളയില്‍ ഭക്തര്‍ക്ക് സുഗമമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനായി തെക്കേനടയില്‍ ഫ്ളൈഓവര്‍ സൗകര്യം ഏര്‍പ്പെടുത്തും. വൈകുന്നേരം നാല് മണിയോടെ കരകളുടെ ക്രമത്തില്‍ കെട്ടുകാഴ്ച വരവ് തുടങ്ങും.ഏഴു മണിയോടെ പതിമൂന്ന് കെട്ടുകാഴ്ചകളും കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും.
ശനിയാഴ്ച രാത്രി എട്ടിന് നടക്കുന്ന കുംഭഭരണി സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എസ്.രവി ഉദ്ഘാടനം ചെയ്യും.ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് എം.കെ രാജീവ് അധ്യക്ഷനാകും.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് വേലകളിയും 3.30-ന് കെട്ടുകാഴ്ചകള്‍ക്ക് മുന്നില്‍ ഭഗവതിയുടെ എഴുന്നള്ളത്തും നടക്കും. ക്ഷേത്രത്തിന്റെ നാല് ദിശകളിലും വാഹനപാര്‍ക്കിങ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യമുണ്ടായാല്‍ ഈരേഴ തെക്ക് കാരിക്കുളങ്ങര-കണ്ടിയൂര്‍ തെക്കേനട റോഡ് റെസ്ക്യൂവേയായി ഉപയോഗപ്പെടുത്തുമെന്നും കണ്വന്ഷന് ഭാരവാഹികള്‍ അറിയിച്ചു.
അധികബസ് സര്‍വ്വീസ്
ഭരണിനാളില്‍ കെ.എസ്.ആര്.ടി.സി യുടെ മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, തിരുവല്ല ഡിപ്പോകളില്‍ നിന്ന് ചെട്ടികുളങ്ങര വഴി അധിക ബസ് സര്‍വ്വീസ് ഉണ്ടാകും
ക്ഷേത്രനട നാളെ അടയ്ക്കില്ല
കുംഭഭരണി നാളില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ മുഴുവന്‍ സമയവും ദര്‍ശനസൗകര്യം ലഭിക്കും.ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ തുറക്കുന്ന ക്ഷേത്രനട അടുത്തദിവസം ഉച്ചപൂജയ്ക്ക് ശേഷമേ അടയ്ക്കൂ.