മാവേലിക്കര: ഓണാട്ടുകരയിൽ കുംഭമാസത്തിലെ ശിവരാത്രി നാളിൽ ആരംഭിച്ച കുംഭഭരണി മഹോത്സവ ആഘോഷങ്ങൾ ഇന്ന് കെട്ടുത്സവങ്ങളായി ക്ഷേത്ര സന്നിധിയിലെ കളിക്കണ്ടത്തിൽ അണിനിരക്കും. ശിവരാത്രി മുതൽ ആരംഭിച്ച വഴിപാട് കുത്തിയോട്ടങ്ങൾ ഇന്ന് അമ്മയ്ക്ക് മുന്പിൽ എത്തിച്ചേരും.
കുത്തിയോട്ട വഴിപാട് വീടുകളിൽ നിന്നും കുത്തിയോട്ടബാലൻമാരെ ക്ഷേത്രസന്നിധിയിലെത്തിച്ചു ചൂരൽ മുറിയുന്നതോടെ കുത്തിയോട്ട വഴിപാടിന് പൂർണ്ണതയിയായി. ഓണാട്ടുകരയിൽ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ലോകപ്രശസ്തമാണ്. ലോകത്തിൽ അങ്ങോളമിങ്ങോളമുള്ള ശല്പസൗന്ദര്യ ആരാധകർ എത്തിചേരുന്ന സംഗമവേദികൂടിയാണ് ഈ തിരുവുത്സവം.
ദാരുശില്പരൂപഭംഗിയിൽ ദൃശ്യവിസ്മയങ്ങൾ പകരുന്നതും ഗ്രാമത്തിന്റെ തനത് കാർഷികസംസ്കാരത്തെ വിളിച്ചോതുന്നതുമായ ഈ മഹാസംഗമത്തിനാണ് ഓണാട്ടുകര ഇന്ന് വേദിയാകുന്നത്. ശിവരാത്രിമുതൽ കുംഭഭരണിവരെയുള്ള ദിനങ്ങൾ ഈനാടും നാട്ടുകാരും ഒരേമനസോടെ കൈമെയ് മറന്ന് അധ്വാനിക്കുന്നതിന്റെ ഫലമാണ് അംബരചുംബികളായ കെട്ടുകാഴ്ചകൾ.
ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടക്കാവ് എന്നീകരക്കാർ കുതിരകളേയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂർ, ആഞ്ഞലിപ്ര, മേനാന്പള്ളി എന്നീകരക്കാർ തേരുകളേയും മറ്റംതെക്ക് കരക്കാർ ഹനുമാനേയും പാഞ്ചാലിയേയും മറ്റം വടക്കു കരക്കാർ ഭീമനേയും അണിയിച്ചൊരുക്കിയിരിക്കുന്നത്.
കുഭഭരണി ദിനമായ ഇന്ന് ഉച്ചയോടെ ഒരുക്കങ്ങൾ പൂർണമാകും. നാല് മുതൽ 13 കരക്കാരുടെയും കെട്ടുകാഴ്ച ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര തിരുമുൻപിൽ ദേവിയെ ദർശിച്ച് അനുഗ്രഹം നേടി കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകൾ കാഴ്ചകണ്ടത്തിൽ അണിനിരക്കും.
പുലർച്ചെ മൂന്നിന് ജീവതയിൽ എഴുന്നള്ളുന്ന ദേവി തെക്കെമുറ്റത്തെ വേലകളിയും കുളത്തിൽ വേലകളിയും ദർശിച്ച് കരക്കാർ സമർപ്പിച്ച കെട്ടുകാഴ്ചകൾക്കു മുൻപിൽ എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭ ഭരണി മഹോത്സവങ്ങൾക്ക് സമാപനം കുറിക്കും.
ആചാരശുദ്ധിയോടെ കുത്തിയോട്ടങ്ങൾ അമ്മയ്ക്കു മുന്പിൽ
മാവേലിക്കര: ആചാരശുദ്ധിയോടെയും ചിട്ടവട്ടങ്ങളോടെയും കുത്തിയോട്ടങ്ങൾ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. രാവിലെ ആറു മുതൽ തന്നെ കുത്തിയോട്ട വീടുകളിൽ നിന്നും കുത്തിയോട്ട ഘോഷയാത്രകൾ ആരംഭിച്ചിരുന്നു.
ശിവരാത്രി നാൾ മുതൽ കുത്തിയോട്ടം പരിശീലിപ്പിച്ച കുത്തിയോട്ട വഴിപാട് ബാലകരെ അമ്മയ്ക്ക് ബലി നൽകുന്നു എന്നതാണ് ഇതിന്റെ സങ്കൽപം.
ബാല·ാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച് കയ്യിൽ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിച്ചുമാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്.
താലപ്പൊലി, വാദ്യമേളങ്ങൾ, മറ്റ് നിശ്ചല ദൃശ്യങ്ങൾ എന്നിവയും കുത്തിയോട്ട ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. അമ്മയ്ക്ക് മുന്പിൽ സമർപിക്കാനുള്ള പണക്കിഴിയും മറ്റും അടങ്ങുന്ന നെട്ടൂർ പെട്ടിയെന്ന ആമാടപ്പെട്ടി വഴിപാടുകാരനോ അയാൾ നിർദേശിക്കുന്ന വ്യക്തിയോ ചുമന്ന് കൊണ്ട് ഘോയാത്രയുടെ ഭാഗമായി.
ചില സ്ഥലങ്ങളിൽ കുത്തിയോട്ട വീടുകളിലും, കുതിരചുവടുകളിലും പ്രത്യേക സ്ഥലങ്ങളിലും ചൂരൽ മുറിയൽ കർമം നടന്നു. കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചടങ്ങാണിത്്. തുടർന്ന് കുത്തിയോട്ട പാട്ടുകളും പാടിയാണ് ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
ദേവീ സന്നിധിയിൽ നാലുപാദം ചുവട് വെച്ചശേഷം ചൂരൽ മുറിയൽ നടത്തിയ നൂൽ ദേവിയ്ക്ക് മുന്പിൽ സമർപിച്ചതോടെ കുത്തിയോട്ട വഴിപാടുകൾ പൂർത്തിയായി. ഇത്തവണ കരകളിൽ നിന്നും പുറത്തു നിന്നുമായി 12 ഓളം കുത്തിയോട്ടങ്ങളാണ് ഉണ്ടായിരുന്നത്
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്ഗതാഗതനിയന്ത്രണം
കുംഭഭരണി പ്രമാണിച്ച് ഇന്ന് ചെട്ടികുളങ്ങര മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.ഉച്ചയ്ക്ക് ഒന്ന് മുതൽ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തിച്ചേരുന്നതുവരെയാണ് നിയന്ത്രണം.
മാവേലിക്കരയിൽ നിന്ന് ചെട്ടികുളങ്ങര വഴി കായംകുളത്തേക്കുള്ള വാഹനങ്ങൾ കണ്ടിയൂരിൽ നിന്ന് തിരിഞ്ഞ് ഈരേഴ, കൊയ്പള്ളികാരാഴ്മ, ഒന്നാംകുറ്റി വഴി പോകണം.കായംകുളത്ത് നിന്ന് തട്ടാരന്പലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പത്തിയൂർ, കണ്ണമംഗലം, കരിപ്പുഴ വഴി പോകണം.
ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.ഈരേഴ കൊച്ചാൽത്തറമുക്കിൽ നിന്ന് പടിഞ്ഞാറേക്ക് ഇരുചക്രവാഹനങ്ങൾ മാത്രമേ കടത്തിവിടൂ.
സുരക്ഷ ശക്തമാക്കും
കുംഭഭരണി നാളിൽ ക്ഷേത്രവളപ്പിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കും.രണ്ട് ഡി.വൈ.എസ്.പി.മാരുടെ മേൽനോട്ടത്തിൽ എഴുന്നൂറോളം പോലീസുകാർ ക്രമസമാധാനപാലനത്തിനുണ്ടാകും.ക്ഷേത്രവളപ്പിലും രണ്ട് കിലോമീറ്റർ ചുറ്റളവിലുമായി നൂറോളം നിരീക്ഷണകാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രം ഓഡിറ്റോറിയത്തിന് മുകളിൽ പോലീസ് കണ്ട്രോൾ റൂമും കാഴ്ചക്കണ്ടത്തിന് സമീപം വാച്ച്ടവറും സജ്ജമാക്കും.
കണ്വൻഷൻ സന്നദ്ധസേന
ക്ഷേത്രവളപ്പിലെ തിരക്ക് നിയന്ത്രിക്കുവാൻ ശ്രീദേവിവിലാസം ഹിന്ദുമത കണ്വൻഷന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേനാംഗങ്ങളുണ്ടാകും.ഒരോ കരയിൽ നിന്നും പത്ത് പേർ വീതമാണ് സേനയിലുള്ളത്.
മെഡിക്കൽ കൗണ്ടർ
ക്ഷേത്രത്തിന് തെക്ക് വശമുള്ള ദേവസ്വം കെട്ടിടത്തിൽ മെഡിക്കൽ കൗണ്ടർ പ്രവർത്തിക്കും.ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന്റെയും സേവാഭാരതിയുടെയും സൗജന്യ ആംബുലൻസ് സേവനവുമുണ്ടാകും.
ബസ് സർവ്വീസ്
ഭരണി പ്രമാണിച്ച് ഇന്ന് കെ.എസ്.ആർ.ടി.സി യുടെ മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, തിരുവല്ല ഡിപ്പോകളിൽ നിന്ന് ചെട്ടികുളങ്ങര വഴി അധിക ബസ് സർവ്വീസ് ഉണ്ടാകും.
ക്ഷേത്രനട ഇന്ന് അടയ്ക്കില്ല
കുംഭഭരണി നാളിൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ മുഴുവൻ സമയവും ദർശനസൗകര്യം ലഭിക്കും. ഇന്ന് പുലർച്ചെ നാലരയോടെ തുറക്കുന്ന ക്ഷേത്രനട നാളെ ഉച്ചപൂജയ്ക്ക് ശേഷമേ അടയ്ക്കൂ.