മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ പ്രശസ്തമായ കുംഭഭരണി മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കമായി. വൈവിധ്യവും കലാമേന്മയും അന്പരിപ്പിക്കുന്ന ദൃശ്യ ഭംഗിയും നാട്ടുകൂട്ടത്തിന്റെ കൂട്ടായ്മയും മെയ്ക്കരുത്തും ഒരുമിച്ചു സമ്മേളിക്കുന്ന ചെട്ടികുളങ്ങര കെട്ടുകാഴ്ചയുടെ നിർമാണത്തിനായി 13 കരകളിലേയും കെട്ടുരുപ്പടികൾ കെട്ടുകാഴ്ച പുരയിൽ നിന്നും ഇന്നലെ രാവിലെ പുറത്തെടുത്തു.
കരനാഥന്മാർ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയശേഷം തീർഥവുമായി കരയിലെത്തി കെട്ടുരുപ്പടികളിൽ തളിച്ചശേഷമാണ് ഉരുപ്പടികൾ പുറത്തെടുത്ത് നിർമാണം ആരംഭിച്ചത്.
കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടുകാരും ക്ഷേത്രത്തിലെത്തി ദേവിയുടെ അനുഗ്രഹവും കുതിരമൂട്ടിലെത്തി ഗുരുതിയ്ക്കായ് ദത്തെടുത്ത ബാലകന്മാരുൾപ്പെടെ വെറ്റപുകയിലയും സമർപിക്കുകയും വഴിപാട് ഭവനങ്ങളിൽ വിളക്ക് വെച്ച് കുത്തിയോട്ട ചുവടും പാട്ടും ആരംഭിക്കുകയും ചെയ്തു.
ഇനിയുള്ള എഴ് നാൾ ഓണാട്ടുകരയിൽ ഭക്തിസാന്ദ്രമായ രാപകലുകളാണ്. എട്ടാം ദിവസമാണ് കുംഭഭരണി. വഴിപാട് ഭവനങ്ങളിൽ ഇനിയുള്ള ആറ് ദിവസത്തെ കുത്തിയോട്ട പരിശീലനത്തിന് ശേഷം ഏഴാം ദിവസം വിശ്രമമാണ്.
കുംഭഭരണിനാളിൽ രാവിലെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി ഭഗവതിയ്ക്ക് കുത്തിയോട്ടബാലന്മാരെ സമർപിക്കുന്നതോടെ കുത്തിയോട്ട വഴിപാട് പൂർണമാകുന്നു.
കുഭഭരണി ദിവസമായ 29ന് വൈകുന്നേരം 4.30 മുതൽ ഈരേഴ തെക്ക്(കുതിര), ഈരേഴ വടക്ക്(കുതിര), കൈത തെക്ക്(കുതിര), കൈത വടക്ക്(കുതിര), കണ്ണമംഗലം തെക്ക്(തേര്), കണ്ണമംഗലം വടക്ക്(തേര്), പേള(കുതിര), കടവൂർ(തേര്), ആഞ്ഞലിപ്രാ (തേര്), മറ്റം വടക്ക്(ഭീമൻ), മറ്റം തെക്ക്(ഹനുമാൻ, പാഞ്ചാലി), മേനാന്പള്ളി(തേര്), നടയ്ക്കാവ്(കുതിര) എന്നിങ്ങനെ കരകളുടെ മുൻഗണനാ ക്രമമനുസരിച്ച് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന കാഴ്ചകണ്ടത്തിൽ അണിനിരക്കും.