ചെട്ടികുളങ്ങര: ഓണാട്ടുകരയ്ക്ക് ഓണത്തേക്കാൾ മഹത്തരമാണ് കുംഭഭരണി. പ്രധാനമായും ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിൽ വലിയ ഉത്സവ പ്രതീതി തന്നെയാണ് കുംഭഭരണി നാളുകളിൽ. ദൃശ്യഭംഗിയാൽ കാഴ്ചക്കാരനായി എത്തുന്ന ഏതൊരാൾക്കും ആഹ്ലാദം ഉളവാക്കുന്ന ഒന്നാണ് കെട്ടുകാഴ്കൾ.
ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിൽ എത്തിക്കുന്ന കെട്ടുത്സവ നിർമാണത്തിൽ പങ്കാളികളാകാൻ ഏതു ദേശത്തുള്ള ചെട്ടികുളങ്ങരക്കാരും ഈ സമയം ഇവിടെ എത്തുന്നമെന്നത് ഒരു വലിയ പ്രത്യേകത തന്നെയാണ്.
കുംഭഭരണി നാളിൽ ചെട്ടികുളങ്ങരയിലെ ഏതു വീട്ടിൽ ചെന്നാലും കൊഞ്ചും മാങ്ങയും ഉച്ചഭക്ഷണത്തിനൊപ്പം ഉണ്ടാകും. രാവിലെ ക്ഷേത്രത്തിലേക്കുള്ള കുത്തിയോട്ട ഘോഷയാത്ര കണ്ട ശേഷം കൊഞ്ചും മാങ്ങയും കൂട്ടിയുള്ള സദ്യയുമുണ്ട്.
കെട്ടുകാഴ്ചയുടെ സമീപത്ത് എത്തുന്ന കരക്കാരന്റെ ഓരോ പ്രവർത്തനങ്ങളിലും ശിവരാത്രി നാൾ മുതൽ അഹോരാത്രം അധ്വാനിച്ചു നിർമിച്ച കെട്ടുകാഴ്ചയെ ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്നതിനുള്ള ആവേശമാണു നിറയുന്നത്.
കെട്ടുകാഴ്ച നിർമാണത്തിന്റെ ആവേശം പുരോഗമിക്കവേ കരകളിൽ ആവേശവും ഏറെ. അമ്മയുടെ സന്നിധിയിൽ തിരുമുൽ കാഴ്ചകൾ എത്തിക്കുന്നതു വരെ കരക്കാർക്കു ഉറക്കമില്ല. ഓരോ നിമിഷവും കെട്ടുകാഴ്ച നിർമാണ സ്ഥലത്തു കൊച്ചു കുട്ടികൾ പോലും സജീവമാണ്.
സന്ധ്യയാകുന്നതോടെ കുത്തിയോട്ട വീടുകളിലും തിരക്കേറെയാണ്. ഓണാട്ടുകരയുടെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന കുത്തിയോട്ടപ്പാട്ടും ചുവടും ആസ്വദിക്കാൻ ദൂരെ സ്ഥലത്തു നിന്നും ആളുകൾ എത്തും.