മാവേലിക്കര: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ വേണ്ടി യുഡിഎഫും എൽഡിഎഫും ശ്രമിക്കുകയാണെന്നും ആ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരസ്യമായി രാഷ്ട്രീയമായി നേരിടുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കേസിൽ നിന്നു പിന്മാറുന്നതിന് അപേക്ഷ കോടതിയിൽ സമർപ്പിച്ചതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.
കേസിലെ സാക്ഷികളെ ഹാജരാക്കാതിരിക്കാൻ വേണ്ടി മുസ്ലിംലീഗും സിപിഎമ്മും ചേർന്നു പരിശ്രമം നടത്തുകയായിരുന്നു. അഞ്ചു തവണ സമൻസ് അയച്ചിട്ടും ലീഗുകാരും സിപിഎമ്മുകാരുമായ സാക്ഷികളും ഹാജരായില്ല. മനപ്പൂർവ്വം കേസ് നീട്ടിക്കൊണ്ടു പോകുവാൻ ആണ് അവർ ശ്രമിക്കുന്നത്.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എൽഡിഎഫ് സർക്കാർ വിജയിച്ചില്ല. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി ജനങ്ങളുടെ സമാധാന ജീവിതം തകർക്കാനാണു സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ 1000 ദിനങ്ങൾ 1000 ദുരിത ദിനങ്ങൾ ആയിരുന്നു. സിപിഎം പരാജയ ഭീതിയിൽ ആണ്.
ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ടിരിക്കുന്ന സർക്കാർ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമമാണു സമുദായ നേതാക്കളെ സന്ദർശിക്കുന്നതിലൂടെ നടത്തുന്നത്. ജനങ്ങൾ കൈ ഒഴിഞ്ഞ പിണറായി വിജയനെ രക്ഷപ്പെടുത്താൻ പക്ഷെ ആരു വിചാരിച്ചാലും കഴിയില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും.
കുമ്മനം രാജശേഖരനെ തിരിച്ചു കൊണ്ടുവരുമോ എന്ന ചോദ്യത്തിനു സംഘടനാപരമായ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്ന രീതി തന്റെ പാർട്ടിക്ക് ഇല്ലെന്നു സുരേന്ദ്രൻ പ്രതികരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനത്തിനു ശേഷം ഈരേഴ വടക്ക് ഇളങ്ങല്ലൂർ ദേവാനന്ദിന്റെ വസതിയിൽ ചെട്ടികുളങ്ങര ദേവിക്ക് സുരേന്ദ്രൻ അൻപൊലി വഴിപാടു നടത്തി