ചേറ്റൂർ ശങ്കരൻനായർ എന്ന പേര് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്രമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. 1934ൽ ഈ ലോകത്തോടു വിട പറഞ്ഞ ചേറ്റൂർ ശങ്കരൻനായർ 91 വർഷത്തിനു ശേഷം ഈ വർത്തമാനകാലത്ത് സജീവചർച്ചയിൽ നിറയുന്പോൾ ഉറപ്പിക്കാം – അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നില്ല. അതെ, സാധാരണ മനുഷ്യന്റെ ലേബലിൽ ഒതുക്കാനാവാത്ത വ്യക്തി തന്നെയായിരുന്നു ചേറ്റൂർ ശങ്കരൻനായർ.
അടുത്തിടെ ഹരിയാനയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂർ ശങ്കരൻനായരുടെ പേര് പരാമർശിച്ചപ്പോൾ അത് മലയാളക്കരയ്ക്ക്, പ്രത്യേകിച്ച് പാലക്കാടിന് അഭിമാന നിമിഷമായിരുന്നു. കാലത്തിന്റെ മുന്നോട്ടുള്ള കുതിച്ചോട്ടത്തിൽ പുതുതലമുറ അറിയാതെ പോകുന്ന ചരിത്രനിമിഷങ്ങളെ മോദി ഓർമപ്പെടുത്തുകയായിരുന്നു ചേറ്റൂരിനെ അനുസ്മരിച്ചതിലൂടെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ എടുത്തുപറയേണ്ട പേരുകളിലൊന്നാണ് ചേറ്റൂർ ശങ്കരൻനായരുടേത്. എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂരിനെ പരാമർശിച്ചു എന്ന് ചിന്തിക്കുന്നവർ അറിയണം, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിമുടി വിറപ്പിച്ച ചേറ്റൂരിനെക്കുറിച്ച്….
യെസ് യുവർ ഓണർ…..
കരിന്പനക്കൂട്ടങ്ങളുടെ ശീൽക്കാരത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു അഭിഭാഷകനായ ചേറ്റൂർ ശങ്കരൻനായരുടെ വാദശരങ്ങൾക്ക്. കോടതിമുറിയിൽ മുഴങ്ങിയ ചേറ്റൂർ ഗർജനങ്ങൾ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര സിംഹാസനങ്ങളെ പിടിച്ചുകുലുക്കി. പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കിൾ ഓ ഡയറാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നായിരുന്നു ചേറ്റൂർ ശങ്കരൻ നായരുടെ പരസ്യ നിലപാട്.
ഈ ആരോപണം തനിക്ക് ബ്രിട്ടനിൽ മാനനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് ഡയർ ചേറ്റൂരിനെതിരെ ഇംഗ്ലണ്ടിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇന്ത്യയെ എന്നല്ല ലോകത്തെ തന്നെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി ബ്രീട്ടീഷ് ഭരണകൂടമാണെന്ന് നീതിപീഠത്തിനു മുന്നിൽ വാദിക്കാനെത്തിയ ചേറ്റൂർ ശങ്കരൻനായരെ ബ്രീട്ടീഷുകാർക്ക് കോടതി മുറിയിൽ ശരിക്കും നേരിടേണ്ടി വന്നു.
കേസിൽ ചേറ്റൂർ ശങ്കരൻനായർ നടത്തിയ വാദമുഖങ്ങളും അദ്ദേഹമുയർത്തിയ ചോദ്യശരങ്ങളും നിരത്തിയ തെളിവുകളും ബ്രിട്ടീഷ് ഭരണകൂടത്തിന് തള്ളാനാവുമായിരുന്നില്ല.
തങ്ങൾക്കെതിരേ ഇന്ത്യയെന്ന കൊച്ചുരാജ്യത്തിൽ നിന്ന് ഒരു മലയാളി വന്ന് ഇത്രമാത്രം ഘോരഘോരം വാദിച്ച് തങ്ങളെ തോൽപിക്കുമോ എന്ന പേടിച്ചിന്ത പോലും ബ്രിട്ടീഷുകാർക്കുണ്ടായി. അതുകൊണ്ടുതന്നെ ചേറ്റൂരിനെ ഏതുവിധേനയും കേസിൽ മുട്ടുകുത്തിക്കാൻ ബ്രിട്ടീഷ് ഭരണകൂടം തുനിഞ്ഞിറങ്ങിയപ്പോൾ ഒന്നിനെതിരേ പതിനൊന്നു ജഡ്ജിമാരുടെ തീർപ്പോടെ കേസ് ചേറ്റൂരിന് എതിരായി വിധിക്കപ്പെട്ടു. ഡയറിനെ ആക്ഷേപിച്ച കുറ്റത്തിന് 2,500 പൗണ്ട് പിഴയും കോടതി ശിക്ഷ വിധിച്ചു.
മാപ്പു പറഞ്ഞാൽ ഈ പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന ഉദാരമായ വിധിപ്രസ്താവം കോടതിയിൽ നിന്നുണ്ടായെങ്കിലും അത് അദ്ദേഹം നിരസിച്ചു…. മാപ്പു പറയാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ തനിക്കനുകൂലമായി വിധി വന്നില്ലെങ്കിലും മാപ്പു പറയാൻ കരിന്പനകളുടെ നാട്ടിൽ നിന്നെത്തിയ ആ ധീരന് മനസുണ്ടായില്ല.
വർഷങ്ങൾക്കു ശേഷം ഹരിയാനയിലെ ചടങ്ങിൽ വച്ച് ജാലിയൻ വാലാബാഗിനെക്കുറിച്ച് സംസാരിക്കുന്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂർ ശങ്കരൻനായർ ജാലിയൻ വാലാബാഗ് വിഷയത്തിൽ നടത്തിയ ഇടപെടലിനെക്കുറിച്ച് പരാമർശിച്ചത്. ദേശസ്നേഹിയും രാഷ്ട്രതന്ത്രജ്ഞനും അഭിഭാഷകനുമൊക്കെയായിരുന്ന ചേറ്റൂർ ശങ്കരൻ നായരെക്കുറിച്ച് പുതുതലമുറ അറിയുകയും അദ്ദേഹത്തെ പഠിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ യുവതലമുറയിലടക്കമുള്ളവരെ ഉദ്ബോധിപ്പിച്ചത്.
ജീർണതകൾക്കെതിരെ ശബ്ദിച്ചു പ്രവർത്തിച്ച സർ സിഎസ്
സ്വാതന്ത്ര്യപോരാട്ടവും ഇന്ത്യൻ സമൂഹത്തിന്റെ നവോഥാന പ്രവർത്തനങ്ങളും സർ ചേറ്റൂർ ശങ്കരൻനായർക്ക് ജീവശ്വാസം തന്നെയായിരുന്നു. തന്റെ ജീവിതം അതിനായി ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ചേറ്റൂർ ശങ്കരൻനായർ. വയസ് മുപ്പതാകും മുന്പേ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ച ശങ്കരൻനായർ പിന്നീട് മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയുടെ പദവിയിലുമെത്തി. സ്വാതന്ത്ര്യസമരങ്ങളും ദേശീയപ്രസ്ഥാനങ്ങളുമൊക്കെ കത്തിക്കയറി വരുന്ന ആ കാലഘട്ടത്തിൽ തന്റെ ജോലികൾ മാത്രം നിർവഹിച്ച് വെറുതെയിരിക്കാൻ അദ്ദേഹത്തിനായില്ല.
തനിക്കു ചുറ്റുമുള്ള ഒരുപാട് അനീതികൾക്കും ജീർണതകൾക്കുമെതിരേ ശബ്ദമുയർത്തിപോരാടാൻ അദ്ദേഹം കളത്തിലിറങ്ങി. ബഹുഭാര്യാത്വം, ശൈശവ വിവാഹം, ജാതി വ്യവസ്ഥ തുടങ്ങിയ ഇന്ത്യൻ സമൂഹത്തിലെ ജീർണതകൾക്കെതിരേ കർശന നിലപാടെടുത്ത അദ്ദേഹം അവ ഉൻമൂലനം ചെയ്യുന്നതിന് തന്നാലാവും വിധം പോരാടി. വൈവാഹിക നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും, വിദ്യാഭ്യാസ നയങ്ങൾ ആവിഷ്കരിക്കുന്നതിലും, സമൂഹത്തിൽ ശാസ്ത്രചിന്ത വളർത്തുന്നതിലും വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്സിൽ അംഗമെന്ന നിലയിൽ ചേറ്റൂർ യത്നിച്ചു. സൈമണ് കമ്മീഷനിൽ ഇന്ത്യൻ വാദങ്ങൾ അവതരിപ്പിച്ചത് ചേറ്റൂർ ശങ്കരൻനായരാണ്.
കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമണ് കമ്മീഷനുമായി സഹകരിക്കാനുള്ള ഇൻഡ്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904ൽ കമാൻഡർ ഓഫ് ഇൻഡ്യൻ എന്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912ൽ സർ പദവിയും നൽകി. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ചേറ്റൂർ ശങ്കരൻനായർ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗണ്സിലിൽ നിന്നു രാജിവച്ചു.
മങ്കരയുടെ മാണിക്യം
പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ചേറ്റൂർ ശങ്കരൻനായർ 1857ൽ ജനിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവതിയമ്മയുമായിരുന്നു മാതാപിതാക്കൾ. 1934 ഏപ്രിൽ 24നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്ന് അദ്ദേഹത്തിന്റെ 91-ാം ചരമവാർഷികദിനം കൂടിയാണ്.
അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഏക മലയാളിയെന്ന വിശേഷണവും ചേറ്റൂരിനുണ്ടായിരുന്നു. 1897 ൽ അമരാവതിയിലെ 13-ാമത് കോണ്ഗ്രസ് സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻ നായർ അഖിലേന്ത്യാ കോണ്ഗ്രസ് പ്രസിഡന്റ് ആയത്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇന്ത്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അദ്ദേഹം മദ്രാസിൽ അഡ്വക്കേറ്റ് ജനറലും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായി. വൈസ്രോയി നിയോഗിച്ച യൂണിവേഴ്സിറ്റി കമ്മിഷന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 1916ൽ സർ പദവി ലഭിച്ചതോടെ സർ ചേറ്റൂർ ശങ്കരൻ നായരായി മാറി.
മങ്കര റെയിൽവെ സ്റ്റേഷനു സമീപം നിളയുടെ തീരത്ത് ചേറ്റൂരിന്റെ സ്മൃതികൂടീരം ഇപ്പോഴുമുണ്ട്. ചരിത്രം രേഖപ്പെടുത്തിയ മഹാപുരുഷൻമാരിൽ മറന്നുപോകാൻ പാടില്ലാത്ത ഒരാളുടെ സ്മൃതികുടീരം. പാലക്കാടൻ പച്ചപ്പിന്റെ നടുവിലാണ് ഈ ഓർമക്കൂടാരം. ബ്രിട്ടീഷുകാർ പണിത മങ്കര റെയിൽവേ സ്റ്റേഷനും അതിനോടു ചേർന്ന വയൽവരന്പും വലിയ അത്തി-ആൽമരങ്ങളും കൂടെ ചേറ്റൂരിനെ പോലെ കരുത്തനായ കരിന്പനക്കൂട്ടങ്ങളും എല്ലാം ഒരുമിക്കുന്ന സ്ഥലത്തെ സ്മൃതികുടീരം ഒരിക്കലെങ്കിലും ചരിത്ര-രാഷ്ട്രീയ-നിയമവിദ്യാർഥികളടക്കമുള്ളവർ ചെന്നു കാണേണ്ടതാണ്.
ഋഷി