ചേറ്റുവ: രണ്ട് കോടിയോളം രൂപ ചെലവിട്ട് രണ്ട് ഉദ്ഘാടനം, രണ്ട് മന്ത്രിമാർ, രണ്ട് എംഎൽഎമാർ എന്നിട്ടു ചേറ്റുവ കോട്ട കാട്ടിൽ തന്നെ.ചരിത്ര പ്രസിദ്ധമായ ചേറ്റുവ കോട്ട ചരിത്ര വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമായ വിധം സംരക്ഷിക്കുമെന്ന നിലയിലായിരുന്നു വികസന പദ്ധതികൾ.
ഒന്നും നടന്നില്ലെന്ന് മാത്രമല്ല നാട്ടുകാർക്ക് ദുരിതമായി.പത്ത് വർഷം മുന്പ് കൃത്യമായി പറഞ്ഞാൽ 2010 ജനുവരി 25നായിരുന്നു ഒന്നാംഘട്ട സംരക്ഷണ പദ്ധതി ഉദ്ഘാടനം. 60 ലക്ഷം രൂപ ചെലവിൽ നടത്തുന്ന വികസന പ്രവർത്തനം മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു.
ടി.എൻ. പ്രതാപൻ എംഎൽഎ അധ്യക്ഷനായിരുന്നു. കോട്ടയുടെ ചെറിയൊരു ഭാഗം കരിങ്കൽ കെട്ടി കാടുകൾ വെട്ടി മാറ്റി, ഭാഗികമായി ചെറിയൊരു ഓഫീസ് നിർമാണം. അതോടെ തീർന്നു ഒന്നാംഘട്ട വികസനം.
രണ്ട് വർഷം മുന്പ് കൃത്യമായി പറഞ്ഞാൽ 2019 ഫെബ്രുവരി 25ന് രണ്ടാംഘട്ട സംരക്ഷണം തുടങ്ങി. 1.15 കോടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം, കെ.വി. അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷൻ.
കുറച്ചു ഭാഗം കരിങ്കൽ കെട്ടി, കോട്ടയിലേക്ക് കടക്കാൻ പാലവും ഗേറ്റും സ്ഥാപിച്ചു. പണി അവസാനിച്ചു. പിന്നീട് ഒന്നും നടന്നില്ല. അധികൃതർ തിരിഞ്ഞ് നോക്കിയില്ല. കോട്ട വീണ്ടും വള്ളിപ്പകർപ്പുകളുടെയും കാട് ചെടികളുടെയും പിടിയിലായി.
പൊന്തക്കാട് കയറി കിടക്കുന്നതിനാൽ ചരിത്ര വിദ്യാർഥികൾക്കും ചരിത്ര പഠിതാക്കൾക്കും കോട്ടയിലേക്ക് കടക്കാൻ കഴിയുന്നില്ല. വികസനം പഴയപടി പൊന്തക്കാട്ടിൽ.