വടക്കഞ്ചേരി: മിത്രകീടങ്ങളെ സൃഷ്ടിച്ച് ശത്രുകീടങ്ങളെ അകറ്റാനും നെൽകൃഷിയെ രക്ഷിക്കാനുമുള്ള കണ്ണന്പ്ര പഞ്ചായത്തിന്റെയും കൃഷി ഓഫീസറുടെയും പരീക്ഷണം വൻ വിജയം. കണ്ണന്പ്ര പന്നിക്കോട് പാടശേഖരത്തിൽ നെല്ലിനൊപ്പം ചെണ്ടുമല്ലിയും വളർത്തിയായിരുന്നു പരീക്ഷണം. വിളവെടുത്ത ചെണ്ടുമല്ലിക്കു കിലോക്ക് 120 എന്നനിലയിൽ നല്ല വിലയും ലഭിച്ചു.
ചെറുകോട് പാടശേഖരത്ത് ഒന്നാം വിളയായ നെല്ലിനൊപ്പം ചെണ്ടുമല്ലിയും നട്ടിരുന്നു. പന്നിക്കോട് സുദേവന്റെ നാലേക്കറോളം പാടത്താണു കണ്ണന്പ്ര കൃഷി ഭവന്റെ കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്. നെല്ലിനെ കീടങ്ങളിൽ നിന്നു രക്ഷിക്കാനും ഈ കാർഷിക രീതിയിലൂടെ കഴിയുമെന്നു തെളിഞ്ഞതോടെ പുതുകൃഷി രീതി അടുത്ത വർഷം വിപുലീകരിക്കുമെന്നും, രാസവളങ്ങളിൽനിന്നു ജൈവ കൃഷി രീതിയിലേക്കു കൃഷി രീതികളിൽ മാറ്റം വരുത്തി ലാഭകരമാക്കാൻ വേണ്ട നടപടികൾ കണ്ണന്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്നും, കർഷകർ ഉത് പ്പാദിപ്പിക്കുന്ന വിളകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപണന കേന്ദ്രം ഒരുക്കി വിതരണം ചെയ്യുമെന്നും കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ് റെജിമോൻ പന്നിക്കോട് പാട ശേഖരത്ത് വിളവിടുപ്പ് ഉത്ഘാടനം ചെയ്തു അറിയിച്ചു.
വാർഡ് മെന്പർ പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ബാലമുരളി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെന്പർ കെ. പ്രസന്നകുമാരി ആശംസാപ്രസംഗം നടത്തി. സുധാമൻ നന്ദി പറഞ്ഞു.