ചെറുതോണി: ഇടുക്കി കളക്ടറെ കാണാനെത്തുന്നവർക്ക് കാര്യങ്ങൾ തിരക്കി സന്ദർശന പാസ് എഴുതി നൽകുന്ന ഒരു മുഖം ആരും മറക്കില്ല. എന്നാൽ ചിരി തൂകുന്ന മുഖത്തിന്റെ ഉടമയായ ചെറുതോണി സ്വദേശി മേരി അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചാണ് ഈ സ്ഥാനത്തെത്തിയതെന്ന് പലർക്കും അറിയില്ല. ഒരായുസിൽ അനുഭവിക്കേണ്ട ദുരിതങ്ങൾ ചെറുപ്രായത്തിൽ തന്നെ അനുഭവിച്ചതാണ് മേരി.
കേരളത്തിൽ പോളിയോ വ്യാപിച്ചപ്പോൾ മേരിയും അതിന് ഇരയായി. എന്നാൽ തോൽക്കാൻ മനസില്ലാതെ മേരി പഠനത്തിൽ മികവോടെ ജീവിതത്തിലേക്കു ചുവടുവച്ചു. പക്ഷേ 1988-ൽ ഉണ്ടായ ഉപ്പുതോട് ബസപകടം വീണ്ടും മേരിയുടെ ജീവിതത്തെ മാറ്റി മറിച്ചു. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരിയായിരുന്നു മുരിക്കാശേരി പാവനാത്മാ കോളജിൽ ഡിഗ്രി വിദ്യാർഥിനിയായ മേരിയും. അപകടത്തിൽ ശരീരം ആകെ ഒടിഞ്ഞു നുറുങ്ങി. കൈകാലുകൾ ഒടിഞ്ഞു തൂങ്ങി. നട്ടെല്ലിന് ക്ഷതമേറ്റു.
ബസപകടത്തിൽ സഹപാഠികളായ എട്ടു പേർ മരിച്ചപ്പോൾ മൃതപ്രായയായി ജീവിക്കാൻ വിധിക്കപ്പെടുകയായിരുന്നു മേരി. മൂന്നു വർഷം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിച്ചു. വൈദ്യശാസ്ത്രം വരെ രക്ഷയില്ലെന്ന് വിധിയെഴുതിയിട്ടും മേരി ശുഭാപ്തി വിശ്വാസം കൈ വിടാതെ വിധിയെ തോല്പിച്ചു.
ശരീരം മുഴുവൻ തളർന്നുകിടക്കുന്പോഴും മേരി ക്രച്ചസിൽ നടക്കാൻ ശ്രമിച്ചു. മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. 1993 ൽ എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ച് വഴി മേരിക്ക് തൊടുപുഴ വാട്ടർ അഥോറിറ്റിയിൽ താത്കാലിക നിയമനം ലഭിച്ചു . പിന്നീട് 1992 ൽ സാർക്ക് വികലാംഗവർഷം പ്രമാണിച്ച് കുറെപേരെ സ്ഥിരപ്പെടുത്തിയപ്പോൾ റവന്യുവകുപ്പിൽ ടൈപ്പിസ്റ്റായി ജോലി ലഭിച്ചു. ഇതിനിടെ പിതാവ് മരിച്ചു. ഈ സമയത്ത് മേരിയുടെ ജീവിതം മനസിലാക്കി തൊടുപുഴ കുണിഞ്ഞി സ്വദേശി സാബു ജീവിതത്തിലേക്ക് കടന്നു വന്നു. രണ്ട് ആണ്മക്കൾ പിറന്നു.
എന്നാൽ മേരിക്ക് വീണ്ടും നിത്യദുഃഖം നൽകി സാബു അകാലത്തിൽ വിട്ടുപിരിഞ്ഞു. ഇതിനിടെ വിട്ടുമാറാതെ വന്ന നടുവേദന കാൻസറിന്റെ ആരംഭമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് മാസങ്ങളോളം നടത്തിയ ചികിത്സക്കൊടുവിൽ ഇതു തെറ്റായ നിഗമനമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. നട്ടെല്ലിന് ബാധിച്ച ക്ഷയരോഗത്തെ കാൻസർ എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു ഡോക്ടർമാർ. പക്ഷേ മരുന്നുകൾ കഴിച്ചതുവഴി മേരി ശരീരം തളർന്ന് കിടപ്പിലായി. ഇതിനിടെ അമ്മയും മരിച്ചു. ഈ സമയം ജില്ലാ വിമണ്‍സ് കൗണ്‍സിൽ മേരിയെ സഹായിക്കാൻ മുന്നോട്ടുവന്നു.
എട്ടുമാസത്തെ ചികിത്സക്കൊടുവിൽ തന്റെ മുച്ചക്ര വാഹനത്തിൽ ഓഫീസിൽ പോകാൻ തുടങ്ങി. വാടകവീട്ടിൽ കഴിയുന്ന മേരിയുടെ ഇപ്പോഴത്തെ ആഗ്രഹം മക്കളെ പഠിപ്പിക്കുന്നതോടൊപ്പം സ്വന്തമായൊരു ഒരു വീടു സന്പാദിക്കുകയെന്നതാണ്. മൂത്തമകൻ ടോം തിരുവനന്തപുരം ശ്രീകാര്യം എൻജിനിയറിംഗ് കോളജിൽ പഠിക്കുന്നു.
രണ്ടാമത്തെ മകൻ ടോണി സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ കൊല്ലം ആയൂർ ഗവ.ഹൈസ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്നു. എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച മേരിക്ക് ഇപ്പോൾ ഫെയർകോപ്പി സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചു. വിധിയുടെ വിളയാട്ടങ്ങളെല്ലാം നിശ്ചയദാർഢ്യത്താൽ മറി കടന്ന മേരി എപ്പോഴും ചിരി തൂകുന്ന മുഖവുമായി സേവന സന്നദ്ധയായി കളക്ടറേറ്റിന്റെ പൂമുഖത്തുണ്ട്.