വിവാഹമോചനങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും പല കേസുകളിലും ബന്ധമൊഴിയുന്ന ഭാര്യക്കു വലിയ തുക ഭർത്താക്കന്മാർ നൽകേണ്ടിവരാറുണ്ട്. ജീവനാംശ തുക നൽകാൻ കഴിയാത്ത മുൻ ഭർത്താക്കന്മാർ ജയിലിൽ കിടക്കേണ്ടിയും വരും. ദക്ഷിണകൊറിയയിലെ ശതകോടീശ്വരനായ വ്യവസായി തന്റെ മുൻ ഭാര്യക്കു നൽകണമെന്നു സിയോൾ ഹൈക്കോടതി നിർദേശിച്ച ജീവനാംശ തുക കേട്ടാൽ വിവാഹബന്ധം വേർപെടുത്താൻ കാത്തിരിക്കുന്നവർ ഞെട്ടും! 8,333 കോടി രൂപയാണു വ്യവസായ പ്രമുഖനായ ചെയ് ടെ-വോൺ നൽകേണ്ടത്.
35 വർഷം മുമ്പ് വലിയ കോടീശ്വരനൊന്നുമല്ലാതിരുന്ന സമയത്താണ് ബിസിനസുകാരനായ ചെ ടെ-വോൺ, റോ സോ-യംഗിനെ വിവാഹം കഴിച്ചത്. ഇവർക്കു മൂന്നു കുട്ടികൾ. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്നു റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന അവർ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഇരുവരും വേർപിരിഞ്ഞാണു താമസം.
ദക്ഷിണകൊറിയയിലെ പ്രമുഖ മൊബൈൽ കാരിയറിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയയിലെ എസ്കെ ഗ്രൂപ്പിന്റെ ചെയർമാനാണ് ചെ ടെ-വോൺ. എസ്കെ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മെമ്മറി ചിപ്പ് നിർമാതാക്കളായ SK Hynix-നെ നിയന്ത്രിക്കുന്നത്. റോ സോ-യംഗും ചില്ലറക്കാരിയല്ല. ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റ് റോഹ് തേ-വൂവിന്റെ മകളാണ്.
ചെയുടെ ബിസിനസ് വിജയത്തിന് റോഹ് സോ-യംഗിന്റെയും അവരുടെ പിതാവിന്റെയും സംഭാവനകൾ പരിഗണിച്ചാണു കോടതി ജീവനാംശ തുക വർധിപ്പിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ചെയുടെ അഭിഭാഷകർ പറഞ്ഞു.