മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോട്ടയിൽ കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു.
രാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ തകർന്നത്. ഈ മേഖലയിൽ രണ്ടുമൂന്നു ദിവസമായി കനത്ത മഴയും കാറ്റുമായിരുന്നു. ഇതിനിടയിലാണ് പ്രതിമ നിലംപതിച്ചത്.
കഴിഞ്ഞവർഷം ഡിസംബർ നാലിന് നാവികസേനാദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു വർഷം തികയും മുന്പേ പ്രതിമ തകർന്നതിനെ തുടർന്നു പ്രതിപക്ഷ പാർട്ടികൾ മഹാരാഷ്ട്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
കരാറുകാരൻ എത്ര രൂപ കൈക്കൂലിയായി സർക്കാരിന് കൈമാറിയിരുന്നെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു.
അതേസമയം, തകർച്ചയുടെ കാരണം അന്വേഷിക്കുമെന്നും പുതിയ പ്രതിമ സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന മന്ത്രി ദീപക് സാർക്കർ പറഞ്ഞു.