അര്‍ബുദം എന്ന മഹാമാരിയെ അതിജീവിച്ചവരെക്കാള് കൂടുതല്‍ പൊരുതി വീണവരാണ്.
അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് അര്‍ബുദം കടന്നതും അതിനെ അതിജീവിച്ചതിന്റെയും കഥ വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി ഛവി മിത്തല്‍.
ഇപ്പോളിതാ സ്തനാര്‍ബുദം ബാധിച്ച മുറിപ്പാടുകളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സര്‍ജറിയ്ക്ക് ശേഷമുള്ള പാടുകളാണവ. ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് ഛവി ചിത്രങ്ങള്‍ പങ്കുവെച്ചത്.
വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ടാണ് ഛവി ധരിച്ചിരിക്കുന്നത്.മുതുകിന്റെ വലതുഭാഗത്തായി സര്‍ജറിയുടെ മുറിപ്പാട് വ്യക്തമായി കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ ചെയ്തത്.
നിങ്ങള്‍ എന്നാലും സുന്ദരിയാണ് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നിങ്ങളുടെ ധൈര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഛവി തനിക്ക് അര്‍ബുദം ബാധിച്ചതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് സ്തനത്തില്‍ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പറഞ്ഞു.
തുടര്‍ന്ന് നടത്തിയ ബയോപ്സിയില്‍ മുഴ കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. നേരത്തെ സ്തനാര്‍ബുദം തിരിച്ചറിഞ്ഞതും സര്‍ജറിയുള്‍പ്പെടെ ചികിത്സയിലേയ്ക്ക് പോയതുമെല്ലാം അവര്‍ വെളിപ്പെടുത്തി.
പിന്നീട് കാന്‍സര്‍ രോഗിയെന്ന നിലയ്ക്ക് കടന്നുപോയ മാനസികസംഘര്‍ഷങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയുണ്ടായി.
അര്‍ബുദം എന്നു കേള്‍ക്കുമ്പോഴേ ഭൂരിഭാഗം ആളുകള്‍ക്കും ഭയമാണ്. എന്നാല്‍ തനിക്ക് ഭയമില്ലായിരുന്നുവെന്നും പ്രശ്നം എങ്ങനെ പരിഹരിക്കമെന്നുമാണ് നോക്കിയതെന്നും ഛവി പറഞ്ഞു.
ഡോക്ടറോട് രോഗത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ചോദിച്ചു. തന്റേത് ഏതു ഘട്ടത്തിലാണെന്നും ഏതു ഗ്രേഡ് ആണെന്നുമൊക്കെ ഡോക്ടര്‍ വിശദമായി പറഞ്ഞുതന്നു.
ഏതൊക്കെ ചികിത്സയാണ് ആവശ്യമെന്നും സര്‍ജറിയെക്കുറിച്ചും കീമോയെക്കുറിച്ചുമൊക്കെ സംസാരിച്ചു. ചികിത്സയുടെ ഘട്ടങ്ങളെല്ലാം തനിക്ക് തുടക്കത്തിലേ വളരെ വ്യക്തമായിരുന്നുവെന്ന് ഛവി വ്യക്തമാക്കി.
ചികിത്സയ്ക്കൊടുവില്‍ താനും തന്റെ സ്തനങ്ങളുമൊക്കെ പഴയപടി ഉണ്ടാകുമോയെന്നെല്ലാം ഡോക്ടറോട് ചോദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
വര്‍ക്കൗട്ടിനെയും ജിമ്മിനെയും ഇഷ്ടപ്പെടുന്ന തനിക്ക് ചികിത്സയ്ക്കു ശേഷം അതെല്ലാം നടക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നതായും അവര്‍ പറയുന്നു. ഇത് പുതിയതും മെച്ചപ്പെട്ടതും ശക്തവുമായ ജീവിതമാണെന്ന് അവര്‍ പറയുന്നു.