കോവിഡ് ബാധിച്ചാൽ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ കലാകാരനെന്നോ കുറ്റവാളിയെന്നോ ഭേദമില്ല. ഗുരുതരാവസ്ഥയിലായാൽ ഓക്സിജൻ മാസ്കുമായി ജീവിതത്തിലേക്കു തിരിച്ചുവരാൻ പോരാട്ടം നടത്തുകയേ നിർവാഹമുള്ളൂ.
ദീർഘകാലം അധോലോക രാജാവായി ബാഹ്യലോകത്തെ വിറപ്പിച്ച വ്യക്തിയും ഇപ്പോൾ അങ്ങനെയൊരു പോരാട്ടത്തിലാണ്. തിഹാർ ജയിലിൽ കഴിയവേ കോവിഡ് ബാധിച്ചു ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഛോട്ടാ രാജൻ.
കീഴടങ്ങിയതിന്റെ രഹസ്യം
സാധാരണക്കാർക്ക് ഓക്സിജൻ സിലിണ്ടറിനു പോലും റേഷനായിത്തീരുന്ന കാലത്ത് ഒരു കൊടുംകുറ്റവാളി സർക്കാരിന്റെ ചെലവിൽ എയിംസിൽ ചികിത്സയിൽ കഴിയുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കപ്പെടുന്പോഴും അതു രാജ്യത്തെ നിയമവ്യവസ്ഥയുടെ പ്രത്യേകതയാണെന്നു പറയാനേ നിർവാഹമുള്ളൂ.
അധോലോകത്തിന്റെ രീതിയും ശൈലിയും മാറുകയും എതിർസംഘങ്ങളിൽനിന്നു ജീവനു ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യമായപ്പോൾ ഇതേ നിയമവ്യവസ്ഥയുടെ സംരക്ഷണം കിട്ടുമെന്നു കണക്കുകൂട്ടിത്തന്നെയാണ് ഛോട്ടാ രാജൻ പോലീസിനു പിടികൊടുത്തതെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു.
ഒന്നോ അതിലധികമോ സിനിമകളിൽ പോലും ഒതുക്കാനാവാത്ത വിധം സംഭവബഹുലമാണ് ഛോട്ടാ രാജൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ് നികാൽജെ എന്ന 62കാരന്റെ ഇതുവരെയുള്ള ജീവിതം.
1982 മുതൽ 2015ൽ ഇന്തോനേഷ്യയിലെ ബാലിദ്വീപിൽനിന്നു പിടിയിലാകുന്നതുവരെയുള്ള കാലമത്രയും അധോലോകത്തെ വിറപ്പിച്ചുനിർത്താൻ മുംബൈ ചെന്പൂർ സ്വദേശിയായ രാജന്റെ വിരൽത്തുന്പിനു കഴിഞ്ഞിരുന്നു.
നാനാ കന്പനി
ആദ്യകാലത്തു ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായും മുംബൈ സ്ഫോടന പരന്പരയെത്തുടർന്ന് 1993ൽ ഇരുവരും വഴിപിരിഞ്ഞതിനു ശേഷം നാനാ കന്പനി എന്ന പേരിലറിയപ്പെട്ട സ്വന്തം സംഘത്തിന്റെ തലവനായും പ്രവർത്തിച്ച രാജനു മുംബൈയ്ക്കു പുറമേ ദുബായ്, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിപുലമായ ബന്ധങ്ങളുണ്ട്.
അധോലോകത്തിനകത്തും പുറത്തുമായി നടന്ന എഴുപതോളം കൊലപാതകക്കേസുകളിലും കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകളിലും രാജന്റെ പേരു ചേർക്കപ്പെട്ടിട്ടുണ്ട്.
മുംബൈ അധോലോകവുമായി ബന്ധപ്പെട്ടു നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമപ്രവർത്തകൻ ജെ. ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് 2018ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.
വർഗീയത
പാക്കിസ്ഥാൻ ചാരസംഘടനയും ചില തീവ്രവാദ ഗ്രൂപ്പുകളും ദാവൂദ് സംഘാംഗങ്ങളുടെ സഹായത്തോടെ 1993ൽ മുംബൈയിൽ സ്ഫോടനപരന്പര സൃഷ്ടിച്ച സംഭവത്തെത്തുടർന്നാണ് പത്തു വർഷത്തിലേറെ കാലം വിശ്വസ്ത അനുയായിയായിരുന്ന രാജൻ ദാവൂദുമായി അകലുന്നത്.
അതിനകം സംഘത്തിലെ രണ്ടാമന്റെ സ്ഥാനത്തേക്കു ഛോട്ടാ ഷക്കീൽ ഉയർന്നുവരാൻ തുടങ്ങിയതും രാജന്റെ അകൽച്ചയ്ക്കു കാരണമായി. കള്ളക്കടത്തും ധനസമാഹരണവും മാത്രം മുഖ്യ ലക്ഷ്യങ്ങളായിക്കണ്ടു പ്രവർത്തിച്ചിരുന്ന അധോലോകത്ത് ആദ്യമായി വർഗീയ ചേരിത്തിരിവ് പ്രകടമായിത്തുടങ്ങിയതും ഇതോടെയാണ്.
(തുടരും)