താരപുത്രന്മാരുടെ സിനിമാ പ്രവേശം പ്രേക്ഷകര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. മലയാളത്തിലെ താരപുത്രന്മാരായ പ്രണവിന്റേയും കാളിദാസിന്റേയും സിനിമകള്‍ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. വിക്രത്തിനെ ചിയാന്‍ വിക്രമാക്കിയ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വര്‍മ്മ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് വിക്രം വെളിപ്പെടുത്തി.ഇപ്പോഴിതാ മകന്റെ ചിത്രത്തില്‍ ഒരു നായികയെ തേടിയിറങ്ങിയിരിക്കുകയാണ് വിക്രം. മനോഹരമായൊരു വീഡിയോയിലൂടെയാണ് വിക്രം ചിത്രത്തിന് നായികയെ തേടിയിരിക്കുന്നത്. അവള്‍ ആരാണെന്ന ചോദ്യവുമായാണ് ഇന്‍സ്റ്റഗ്രാമില്‍ വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതെ അവളെ കാണാനില്ല , അവള്‍ നിങ്ങളാണെങ്കില്‍ അല്ലെങ്കില്‍ അവളെ പോലെയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഞങ്ങള്‍ക്കയക്കുക. നിങ്ങളെ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു. സമയമെടുത്തോളു എന്നാല്‍ അധികം വൈകേണ്ട എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. അവള്‍ സുന്ദരിയാണ്, രസികയാണ്, ക്യൂട്ട് ആണ്, ഒരേ സമയം മാലാഖയും പിശാചുമാണ് ഇതാണ് നായികയ്ക്കായുള്ള കാസ്റ്റിങ് കോള്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍. എന്തായാലും അച്ഛനായാല്‍ ഇതുപോലെയാവണമെന്നാണ് പല യുവാക്കളും പറയുന്നത്.