ബെയ്ജിംഗ്: ചൈനീസ് കൃഷിമേഖലയിലെ വൻകിട വ്യവസായി സണ്‍ ദാവുവിനു 18 വർഷം തടവുശിക്ഷ.
ഭരണകൂടത്തെ വിമര്‍ശിക്കുകയും കര്‍ഷക അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സണ്‍ ദാവുവിന്റെ വിചാരണ രഹസ്യമായാണു നടത്തിയത്. 3.11 ദശലക്ഷം യുവാൻ (3.5 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്.
സർക്കാർ സംവിധാനങ്ങളെ ആക്രമിക്കാൻ ആളെ സംഘടിപ്പിച്ചു, ഭരണകൂടത്തെ തടസപ്പെടുത്തി, പ്രശ്നമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണു ബെയ്ജിംഗിനു സമീപത്തെ ഗാവോബീഡിയൻ കോടതി ശിക്ഷ വിധിച്ചത്.
ഭരണകൂട വിമർശകർക്കെതിരേ വ്യാപകമായി പ്രയോഗിക്കുന്ന വകുപ്പുകളാണിത്. കഴിഞ്ഞ വർഷം നവംബറിലാണു സണ്‍ ദാവുവും 19 ബന്ധുക്കളും ബിസിനസ് പങ്കാളികളും അറസ്റ്റിലായത്.
സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസിയുമായി ഉടലെടുത്ത ഭൂമി തർക്കത്തെ തുടർന്നായിരുന്നു അറസ്റ്റ്.
2003ൽ അനധികൃത പണശേഖരണ കുറ്റം ആരോപിച്ച് സണ്ണിനെ ശിക്ഷിച്ചിരുന്നെങ്കിലും പൊതുജനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഭാഗത്തുനിന്നു വ്യാപക പ്രതിഷേധം ഉയർന്നതോടെ വിട്ടയയ്ക്കുകയായിരുന്നു.