തൃപ്പൂണിത്തുറ: മാർക്കറ്റിനകത്തെ ചിക്കൻ സെന്ററിൽ നിന്നു നാലു ലക്ഷത്തിലധികം രൂപ കവർന്ന സംഭവത്തിൽ ഒളിവിൽപ്പോയ ജീവനക്കാർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കടയിലെ ജീവനക്കാരും അസം സ്വദേശികളായ അസ്മത്ത് അലി, ഷംസുദ്ദീൻ, ഇമ്രാൻ എന്നിവർക്കെതിരേ ഉടമ അനിൽ ഹിൽപാലസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോൾഡ് സ്റ്റോറേജും ചിക്കൻ സെന്ററും നടത്തുന്ന ടൗൺ ചിക്കൻ സെന്റർ എന്ന കടയിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പണം നഷ്ടപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടോടെ ഭക്ഷണം കഴിക്കാനായി പുറത്തുപോയ ഉടമകളിലൊരാൾ വൈകിട്ട് നാലോടെ തിരികെയെത്തിയപ്പോൾ കടയുടെ ഷട്ടർ താഴ്ത്തിയിട്ട നിലയിലായിരുന്നു.
സാധാരണ ചിക്കൻ തീർന്നാൽ മാത്രമാണ് ഷട്ടർ താഴ്ത്തിയിടാറുള്ളത്. ഉടമ ഷട്ടർ ഉയർത്തി നോക്കിയപ്പോൾ ചിക്കൻ സ്റ്റോക്കുള്ളതായി കണ്ടതിനെ തുടർന്ന് ജോലിക്കാർ താമസിക്കുന്ന മുറിയിൽ ചെന്ന് നോക്കിയെങ്കിലും അവിടെയും ആരെയും കണ്ടില്ല.
ഭക്ഷണം പാകം ചെയ്ത നിലയിൽ തന്നെ അവിടെയുണ്ടായിരുന്നു. മൊബൈൽഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഉടൻ കടയിലെത്തി നോക്കിയപ്പോഴാണ് കാഷ് കൗണ്ടർ കുത്തിത്തുറന്ന് പണം അപഹരിച്ചനിലയിൽ കണ്ടെത്തിയത്.
ചിക്കൻ വിതരണം ചെയ്യുന്നവർക്ക് തിങ്കളാഴ്ച ദിവസങ്ങളിലാണ് തുക നൽകിയിരുന്നത്. അതിനായി കടയിൽ കൗണ്ടറിൽ പൂട്ടി സൂക്ഷിച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടത്.
കടയുടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊഴിലാളികൾ കടയുടെ ഷട്ടർ താഴ്ത്തി പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
കാണാതായ തൊഴിലാളികളിൽ അസ്മത്ത് അലി മൂന്ന് വർഷവും ഷംസുദ്ദീൻ ഒന്നര വർഷവുമായി കടയിൽ ജോലി ചെയ്യുന്നവരാണ്.
മൂന്നാമൻ ഇമ്രാൻ ജോലിക്ക് വന്നിട്ട് പന്ത്രണ്ട് ദിവസമേ ആയിട്ടുള്ളു. കുടുംബമായി വന്ന ഇമ്രാനും മറ്റ് രണ്ട് പേർക്കും ഉടമ തന്നെയാണ് താമസ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിരുന്നത്.