കോഴിക്കോട് : ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കോഴിക്കോട്ടേക്ക് ചീഞ്ഞ കോഴിയിറച്ചി കടത്തുന്നതിനെതിരെ റെയിൽവെയും പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗം.
കൈപ്പറ്റുന്നയാളുടെ കൃത്യമായ വിലാസമില്ലാതെ അനധികൃത കോഴിയിറച്ചി കള്ളക്കടത്തിന് റെയിൽവെ ഒത്താശ ചെയ്യുന്നു എന്നാരോപിച്ച് കൗൺസിലർമാരായ കെ.എം. റഫീഖ്, സയ്യിദ് ഷമീൽ തങ്ങൾ എന്നിവരാണ് വിഷയത്തിൽ കൗൺസിലിന്റെ ശ്രദ്ധക്ഷണിച്ചത്.ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുവരുന്ന കോഴിയിറച്ചി പരിശോധിക്കാൻ റെയിൽവെയുടെ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നും, ഇറച്ചി കോഴിയുടേതാണോ മറ്റെന്തങ്കിലുമാണോ എന്നറിയാതെ ഫാസ്റ്റ്ഫുഡ് കടകളിൽനിന്ന് ആളുകൾ വാങ്ങികഴിക്കുകയാണെന്നും ഷമീൽ തങ്ങൾ ചൂണ്ടിക്കാട്ടി.
ഫാമുകളിൽ രോഗംവന്ന് ചാവുന്ന കോഴികളെവരെ ഈവിധം കേരളത്തിലേക്ക് കയറ്റി അയക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഞ്ചേരി സ്വദേശിയാണ് കോഴിക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ ജീവൻവച്ച് പന്താടുന്ന ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ.എം.റഫീഖ് ആവശ്യപ്പെട്ടു.
റെയിൽവെയുടെ പരിശോധനവിഭാഗം നിർജീവമാകുന്നതാണ് ചീഞ്ഞഇറച്ചി കേരളത്തിലേക്ക് പ്രവഹിക്കാൻ കാരണമെന്ന് ആരോഗ്യസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.ബാബുരാജ് മറുപടി നൽകി. ആരുടെ പേരിലാണ് ഇറച്ചിവരുന്നതെന്ന കോർപറേഷന്റെ രേഖാമൂലമുള്ള ചോദ്യത്തിന് റെയിൽവെ മറുപടി തരുന്നില്ല.
അതിനാൽ ആളെ കണ്ടെത്താനായിട്ടില്ല. പാഴ്സൽ കൈപ്പറ്റാൻ വരുന്നത് തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു. പാഴ്സലിൽ കൃത്യമായ വിലാസം ഉണ്ടായിരിക്കണമെന്ന നിയമം ഉണ്ടെങ്കിലും കോഴിയിറച്ചി പാഴ്സലിൽ ഒരാളുടെ പേരും ഫോൺനന്പറും മാത്രമെ ഉണ്ടാകാറുള്ളൂവെന്നും റെയിൽവെയുടെ ഒത്താശയിലാണ് കള്ളക്കടത്ത് തുടരുന്നതെന്നും ഹെൽത് ഇൻസ്പെക്ടർ ഡോ.ആർ.എസ് ഗോപകുമാർ പറഞ്ഞു.
കഴിഞ്ഞദിവസം വന്ന കോഴിയിറച്ചി പാഴ്സൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധിച്ചിരുന്നു. പാഴ്സൽ ഏറ്റെടുക്കാൻവന്ന ആളുടെയും വാഹനത്തിന്റെയും വിശദാംശം ലഭിച്ചെങ്കിലും കൃത്യമായ വിലാസമില്ലാത്തതിനാൽ നടപടി സ്വീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെയിൽവെയുടെ ആരോഗ്യവിഭാഗം പരിശോധിച്ചതിനു ശേഷമെ കോഴിയിറച്ചി പാഴ്സൽ സ്വീകരിക്കാവൂ എന്നാവശ്യപ്പെട്ട് റെയിൽവെ ബോർഡ് ചെയർമാന് കത്തയക്കാമെന്നും , പോലീസ് സഹായത്തോടെ പരിശോധന തുടരാമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ മറുപടി നൽകി.
വിനോദസഞ്ചാരികളെ ആകര്ഷിക്കും വിധത്തില് അണിഞ്ഞൊരുങ്ങിയ മിഠായിതെരുവ് വീണ്ടും സൗന്ദര്യവത്കരിക്കാനുള്ള നഗരസഭയുടെ നീക്കം സ്വകാര്യ പരസ്യകന്പനിയ്ക്ക് വേണ്ടിയാണെന്ന് യുഡിഎഫിലെ പി.എം.നിയാസ് ആരോപിച്ചു.
സ്വകാര്യ പങ്കാളിത്തത്തോടെ തെരുവ് വിളക്കുകൾ സ്ഥാപിച്ച് അതിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള നീക്കം മിഠായിതെരുവിന്റെ പൈതൃകം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഒരു പൈതൃക തെരുവിലും പരസ്യം അനുവദനീയമല്ല. ആരുടെ ശിപാർശയിലാണ് നവീകരണം നടപ്പാക്കുന്നതെന്ന് ഫയലിലില്ല. തെരുവുവിളക്കുകളുടെ മറവിൽ പരസ്യകന്പനി മിഠായിതെരുവിനെ പരസ്യബോർഡുകളുടെ കലവറയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏഴുകോടി രൂപ ചെലവിട്ട് രണ്ടുവർഷം മുൻപ് നവീകരിച്ച മിഠായിതെരുവ് ശോച്യാവസ്ഥയിലേക്ക് പോയതിന്റെ കാരണം നിർമാണകന്പനിയാണെന്നും, നിശ്ചിത വർഷം മിഠായിതെരുവ് പരിപാലിക്കാനുള്ള ബാധ്യത നിർമാണ കന്പിനിയ്ക്കുണ്ടെന്നും യുഡിഎഫ് അംഗം കെ.ടി.ബീരാൻകോയ പറഞ്ഞു. ഏതായാലും നവീകരണത്തിനുള്ള താത്പര്യപത്രം ക്ഷണിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാമെന്നും മേയർ വ്യക്തമാക്കി.
വിവിധ വിഷയങ്ങളിൽ കൗൺസിലർമാരായ സി.കെ.സീനത്ത്, എ.സതീഷ്കുമാർ, എം.എം.ലത, സൗഫിയ അനീഷ് എന്നിവർ ശ്രദ്ധക്ഷണിച്ചു. ജെഎൻയു വിദ്യാർഥികൾക്കുനേരെ നടന്ന മുഖംമൂടി അക്രമണത്തെ അപലപിച്ചും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടും പി.കിഷൻചന്ദ് അവതരിപ്പിച്ച പ്രമേയത്തെ ബിജെപി കൗൺസിൽമാർ എതിർത്തു.
തുടർന്ന് വോട്ടിനിട്ട് ഏഴിനെതിരെ അറുപത് വോട്ടുകൾക്ക് പ്രമേയം പാസാക്കി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ബസ്ബേയിൽ കെഎസ്ആർടിസി ബസുകൾകൂടി കയറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പി.എം.സുരേഷ് ബാബു ആവശ്യപ്പെട്ടു. വിഷയം അടുത്തുചേരുന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിൽ ഉന്നയിക്കാമെന്ന് മേയർ മറുപടി നൽകി.