തിരൂര്‍: പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി.
ഇന്നലെ തിരൂർ പിസി പടിയിലെ വീട്ടുകാരിയായ അധ്യാപികയാണ് മുത്തൂരിലെ ഒരു ഓൺലൈൻ പൊറോട്ട സ്റ്റാളിൽനിന്ന് നാല് കോഴിബിരിയാണി ഓർഡർ ചെയ്തത്.
ഇതിൽ രണ്ടെണ്ണം വീട്ടിലെ കുട്ടികൾ കഴിച്ചു. മൂന്നാമത്തെ ബിരിയാണി പാക്കറ്റ് തുറന്നതോടെയാണ് കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയിൽ ചേർത്തതായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ട്.
ഇതോടെ ഇവർ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയയ്ക്കു പരാതി നൽകി. ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്‍ഡ് കമ്മീഷണർ സുജിത്ത് പെരേരയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നു കണ്ടെത്തി.
ലൈസൻസുകളും ഉണ്ടായിരുന്നില്ല. ഇവർക്കുണ്ടായിരുന്ന റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തു.