കൊച്ചി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗിയിലൂടെ കഴിഞ്ഞ വര്‍ഷം കൊച്ചിക്കാര് ഏറ്റവും കൂടുതല്‍ വാങ്ങിയത് ചിക്കന്‍ ബിരിയാണി. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗി വഴി ഡെലിവര്‍ ചെയ്തത്. സ്വിഗി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കൊച്ചിയിലെ കണക്കുകള്‍ നോക്കുമ്പോള്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും കഴിഞ്ഞ വര്‍ഷം ആവശ്യക്കാര്‍ ഏറെയുണ്ടായി.ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്.
ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പി്ന്നിലുണ്ട്.
അതേസമയം ബ്രേക്ക് ഫാസ്റ്റിന് കൊച്ചിക്കാര്‍ക്ക് പ്രിയം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ല്‍ ഓര്‍ഡര്‍ ചെയ്തത്. കടലക്കറിയും പൂരിയും ഇഡലിയും കൊച്ചിക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗീ മൈസൂര്‍ പാക്കും, ചോക്കോ ലാവ കേക്കും മില്‍ക്ക് കേക്കും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ദീപാവലിക്കാലത്താണ് മധുരത്തോടുള്ള പ്രിയം കൂടുതലായി കണ്ടത്. വൈറ്റ് മില്‍ക്ക് ചോക്ലേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവും കൊച്ചിക്കാരുടെ ആഘോഷ വേളകളെ മധുരപൂരിതമാക്കി. 31 ലക്ഷം ഡിന്നര്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കന്‍ മന്തി ഓര്‍ഡര്‍ ചെയ്ത ഒരു ഉപഭോക്താവാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിയത്.
സ്വിഗി അവതരിപ്പിച്ച ക്വിക്ക് കൊമേഴ്സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 2024 ല്‍ കൊച്ചിയിലുള്ള ഒരു ഉപഭോക്താവ് 4,000 പാക്കറ്റ് ചിപ്സാണ് ഓര്‍ഡര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് ചിപ്സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.