തിരുവനന്തപുരം: അത്താഴഭക്ഷണം ഓർഡർ ചെയ്യുന്നതിലാണ് തിരുവനന്തപുരം നഗരത്തിൽ ഏറെ തിരക്കെന്ന് ഇന്ത്യ സ്വിഗ്ഗി റിപ്പോർട്ട് 2023. വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ നഗരനിവാസികൾക്ക് താത്പര്യമേറെയെങ്കിലും ഏറ്റവുമധികം പ്രിയം ചിക്കൻ വിഭവങ്ങളോടാണ്.
ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ ഫ്രൈ എന്നിവയ്ക്കു തൊട്ടുപിന്നിലെ സ്ഥാനങ്ങളിലായി മസാല ദോശ, പൊറോട്ട എന്നിവയുമുണ്ട്. ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിംഗ്, പ്രത്യേക ഫലൂഡ ഐസ്ക്രീം, ഫ്രൂട്ട് സാലഡ്, സ്പെഷ്യൽ നെയ്യ് ബോളി എന്നിവയ്ക്കും ആവശ്യക്കാരേറെ.
പോയവർഷം തിരുവനന്തപുരത്തെ ഒരൊറ്റ ഉപയോക്താവിൽ നിന്ന് 1631 ഓർഡറുകൾ (പ്രതിദിനം ശരാശരി 4 വീതം ) സ്വിഗ്ഗിക്കു ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയർന്ന ഓർഡർ 18,711 രൂപയുടേതാണ്. കഴിഞ്ഞവർഷം ജനുവരി ഒന്നുമുതൽ നവംബർ 15 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ.
പുതിയ വിഭവങ്ങൾക്കൊപ്പം പരമ്പരാഗത രുചികളോടുള്ള തിരുവനന്തപുരത്തിന്റെ ഇഷ്ടം സ്വിഗ്ഗിയിലെ ഓർഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണൽ ബിസിനസ് ഹെഡ് വി.പി. സിദ്ധാർഥ് ഭക്കൂ പറഞ്ഞു.
നഗരത്തിലെ മികച്ച ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായതിൽ സ്വിഗ്ഗിക്കു അഭിമാനമുണ്ട്. ഇത് പ്രതിബദ്ധതാ പൂർണമായ സേവനം കൂടുതൽ മികവോടെ തുടരുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.