മണ്ണാർക്കാട്: കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെയും കോഴി ക്കുഞ്ഞുങ്ങളുടെയും വില വർധിച്ചതാണ് കോഴി ഇറച്ചിക്ക് വിലയുയരാൻ കാരണമെന്നാണ് കോഴി മൊത്തവിതരണക്കാർ പറയുന്നത്.
അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്ന കോഴിത്തീറ്റയ്ക്ക് മാസങ്ങൾക്കുമുന്‍പ് ഒരു ചാക്കിന് 1600 രൂപയായിരുന്നത് ഇപ്പോൾ ഫാമിൽ ലഭിക്കുന്നത് 2150 രൂപയ്ക്കാണ്.
കൂടാതെ ഒരു ചാക്ക് ചകിരിച്ചോറിന് 80 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 185 രൂപയായെന്നും ഫാം ഉടമകൾ പറയുന്നു.
ഒരു കോഴിക്കുഞ്ഞ് 40 ദിവസം പ്രായമാകുന്പോൾ അതിന്റെ ഉത്പാദന ചെലവ് 100 രൂപ വരെ വരുമെന്നു ഫാം ഉടമയായ മണ്ണാർക്കാട് അരയങ്ങോട് സ്വദേശി പി. പ്രസാദ് പറഞ്ഞു.
കേരളത്തിൽ കോഴിക്കുഞ്ഞ്, കോഴിത്തീറ്റ ഉത്പാദനം ചെലവ് കുറഞ്ഞ രീതിയിൽ നടത്തു മെന്നും സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
കോഴിക്കുഞ്ഞിനും തീറ്റയ്ക്കും ഇപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സർക്കാർ സബ്സിഡിനിരക്കിൽ കോഴിത്തീറ്റയും കോഴിക്കുഞ്ഞുങ്ങളെയും നൽകുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ അതും പാഴ് വാക്കായി. നാല് ആഴ്ചകൾക്കു മുന്‍പ് കോഴി ഇറച്ചിക്ക് 75 മുതൽ 80 വരെ ആയിരുന്നത് ഇപ്പോൾ 120 മുതൽ 130 വരെയായി.
മണ്ണാർക്കാട് പള്ളിപ്പടിയിൽ 128 രൂപയാണ് കോഴിയിറച്ചിക്ക് ഇന്നലെ ചില്ലറവില്പന വില.
ഇതിനിടെ കിലോയ്ക്ക് 148 രൂപ വരെയെത്തിയെന്നു ചില്ലറ വില്പനക്കാർ പറയുന്നു. നൂറു രൂപയിൽ താഴെ വില നിൽക്കുന്പോഴാണ് കൂടുതൽ വില്പന നടക്കുന്നതെന്ന് ഇവർ പറയുന്നു.
വില കൂടുന്തോറും ചില്ലറവില്പന നടത്തുന്നതും ഏറെ പ്രയാസമാണെന്ന് ഇറച്ചി ക്കോഴി ചില്ലറ വിൽപനക്കാരൻ സക്കീർ പറഞ്ഞു.
കോഴി ഇറച്ചി വില നിയന്ത്രിക്കാൻ വേണ്ടിയാണ് സർക്കാർ കേരള ചിക്കൻ സ്റ്റാളുകൾ തുറന്നത്. എന്നാൽ അവിടെയും വിലയിൽ ചെറിയ മാറ്റമാണ് ഉള്ളത്.
അതോടെ ആ പദ്ധതിയും പരാജയത്തിലാണ്. കോഴിയിറച്ചി വില നിയന്ത്രിക്കണമെങ്കിൽ സർക്കാർ സബ്സിഡി നിരക്കിൽ കോഴിത്തീറ്റയും കോഴിക്കുഞ്ഞുങ്ങളെയും നൽകണം.
ഫാം നിർമിക്കുന്നതിന് വേണ്ടി കുറഞ്ഞ പലിശനിരക്കിൽ ബാങ്ക് ലോണ്‍ നൽകുകയും ചെയ്യണം.
എന്നാൽ മാത്രമേ ഇതിനു പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂവെന്നാണ് കോഴി മൊത്ത വിതരണക്കാരിലൊരാളായ അരുണ്‍കുമാർ പറയുന്നത്.