മുംബൈ: വീട്ടിലിരുന്ന് ഓർഡർ ചെയ്താല്‍ മിനിറ്റുകൾക്കുള്ളില്‍ ഭക്ഷണസാധനങ്ങൾ മുന്നിലെത്തുന്ന കാലമാണ്. പക്ഷേ, ഇതിനിടെ പ്രശ്നങ്ങൾ പലതും ഉണ്ടാകാറുണ്ട്. സ്വിഗിയില് പനീർ ഓർഡർ ചെയ്ത മുംബൈ സ്വദേശിയായ യുവാവിനുണ്ടായ അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പനീർ ഓർഡർ ചെയ്ത യുവാവിനു ലഭിച്ചത് ചിക്കന്‍ ബര്‍ഗർ ആയിരുന്നു. കിട്ടിയതാവട്ടെയെന്നു വയ്ക്കാൻ യുവാവ് തയാറായിരുന്നില്ല. കട തപ്പി മുംബൈയിലെ സാന്താക്രൂസ് ഇസ്റ്റിലെത്തിയ യുവാവ്, താൻ ഭക്ഷണം ഓർഡർ ചെയ്ത കട കണ്ട് ഞെട്ടിപ്പോയി. കടയും പരിസരവും ചിത്രീകരിച്ചുള്ള യുവാവിന്റെ വീഡിയോ കാണുന്നവരും ഞെട്ടും.
“ഫ്രഷ് മെനു ക്ലൗഡ് കിച്ചന്’ എന്നാണു കടയുടെ പേര്. വൃത്തിഹീനമായ ഒരു തെരുവിൽ പൊളിഞ്ഞുവീഴാറായതുപോലുള്ള ഒരു കെട്ടിടത്തിലാണു കട പ്രവർത്തിക്കുന്നത്. കടയുടെ ഉൾഭാഗം ആകെ കരിപിടിച്ചു കിടക്കുന്നു. കടയ്ക്കു മുന്നിലൂടെ മലിനജലം പരന്നൊഴുകുന്നു.
താന്‍ പനീർ ആണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ ലഭിച്ചത് ചിക്കന്‍ ബര്ഗറാണെന്നും യുവാവ് കടക്കാരനോട് പരാതിപ്പെടുന്നതു വീഡിയോയിൽ കാണാം. കടയിലെ പുതിയ തൊഴിലാളിക്കു പറ്റിയ ഒരു കൈയബദ്ധം എന്നായിരുന്നു കടക്കാരന്റെ ലാഘവത്തോടെയുള്ള മറുപടി.
നേരിട്ട് അറിയാവുന്ന കടകളിൽനിന്നു മാത്രമേ ഭക്ഷണം ഓർഡർ ചെയ്യാവൂ എന്നായിരുന്നു വീഡിയോ കണ്ടവരുടെ ഉപദേശം.