കാട്ടാക്കട : ചിക്കൻ കറി കൂടുതൽ കൊടുക്കാത്തതിനെ തുട ർന്ന് നാലംഗ സംഘം കട ആക്രമിച്ചു. കട ഉടമ അടക്കം രണ്ടു പേർക്ക് പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം പ്രവർത്തിക്കുന്ന മയൂര ഹോട്ടൽ ആൻഡ് കാറ്ററിംഗ് സെന്ററിന് നേരെയാണ് ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം.
കട ഉടമ പൂവച്ചൽ സ്വദേശി പ്രവീൺ, ബന്ധുകൂടിയായ കടയുടെ പങ്കാളി പൂവച്ചൽ നാവെട്ടിക്കോണത്ത് താമസിക്കുന്ന കായംകുളം സ്വദേശി ഉദയദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഉദയദാസിന് തലയ്ക്ക് കുത്തേറ്റു.പ്രവീണിന്റെ മുഖത്തിനാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ടംഗ സംഘം ഹോട്ടലിൽ എത്തി ചിക്കൻ കഴിച്ചു. പാഴ്സലും വാങ്ങി. ഇതിനിടെ ചിക്കന്റെ ഗ്രേവി കുറവാണെന്ന് പറഞ്ഞ ഇവർ ഉദയദാസുമായി തർക്കമായി. അത് വാക്കേറ്റത്തിൽ കലാശിച്ചു.
തുടർന്ന് ഇവർ ഫോണിൽ ചിലരെ ബന്ധപ്പെടുകയും ബൈക്കിൽ രണ്ടു പേർ ഹോട്ടലിലേക്ക് വരികയും ചെയ്തു. തുടർന്നാണ് കത്തി എടുത്ത് ഇവരെ ആക്രമിച്ചത്.തുടർന്ന് ഈ സംഘം കടയിലെ ആഹാര സാധനങ്ങൾ നശിപ്പിക്കുകയും കടയിലെ ഫർണിച്ചറുകൾ അടക്കം കേടുവരുത്തുകയും ചെയ്തു.
കടയിൽ ആഹാരം കഴിച്ചുകൊണ്ടിരുന്നവർക്കും പരിക്ക്പറ്റി. തുടർന്ന് സംഘം അഴിഞ്ഞാടുകയായിരുന്നുവെന്നും പ്രവീൺ പറഞ്ഞു.
മദ്യപിച്ചാണ് സംഘം എത്തിയതെന്ന് ഉടമ പറഞ്ഞു. ബൈക്കിന്റെ താക്കോലിൽ ഘടിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് ഉദയദാസ് പറഞ്ഞു.
തലയ്ക്ക് കുത്തേറ്റ ഉദയദാസും ചുണ്ടിൽ പരിക്കേറ്റ പ്രവീണും കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാക്കട പോലീസ് കേസെടുത്തു.