മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായി. വില്പനയ്ക്കായി കാത്തിരിക്കുന്ന ബ്രോയിലർ കോഴികളിൽ അണുബാധയും രോഗങ്ങളുമുണ്ടെന്നും വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
താലൂക്കിൽ ഇരുന്നൂറോളം കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവയെക്കുറിച്ച് വ്യക്തമായ കണക്കൊന്നും ആരോഗ്യവകുപ്പിന്റെ പക്കലില്ല. ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. കോഴിഫാമുകൾക്ക് അനുമതി നല്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പാകട്ടെ ഇതൊന്നും ശ്രദ്ധിക്കുന്നുമില്ല.
ജില്ലയിലെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന കോഴിഫാമുകൾക്ക് ലൈസൻസ് ഉണ്ടോയെന്നുപോലും ഭക്ഷ്യസുരക്ഷാ വകുപ്പിനോ പഞ്ചായത്തിനോ കൃത്യമായ മാർഗങ്ങളില്ല. നിലവിൽ മിക്ക കോഴിഫാമുകളും വൃത്തിഹീനമായി കിടക്കുകയാണ്.
ഇതു കോഴികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സാധാരണഗതിയിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പോ നടത്തുന്ന പരിശോധനയിൽ കൃത്രിമം കണ്ടെത്തിയാൽ കോഴിഫാമിന്റെ ലൈസൻസ് തന്നെ റദ്ദ് ചെയ്യാനാകും. വകുപ്പ് ഈ നടപടി സ്വീകരിച്ചാൽ മാത്രമേ കൂടുതൽ ആരോഗ്യപ്രശ്നങ്ങളിൽനിന്ന് രക്ഷനേടാനാകൂ.