കോതമംഗലം: ഇടനിലക്കാരുടെ ചൂഷണത്തിൽ ഇറച്ചിക്കോഴി കർഷകരുടെ ജീവിതം ദുരിതപൂർണമായി. കഴിഞ്ഞ ആഴ്ചകളിൽ 90 രൂപയ്ക്ക് മുകളിൽ ചില്ലറ വില്പന നടന്നിരുന്നെങ്കിലും കർഷകർക്ക് ഫാമിൽ ലഭിച്ചത് വെറും 50 രൂപ മാത്രമായിരുന്നു.
മുതൽ മുടക്കുന്ന കർഷകരും ഇന്റർഗ്രേറ്റർമാരും ഇതോടെ തകർച്ചയിലായി. വിലയിടിച്ചു വാങ്ങുന്ന കോഴിയുടെ തുക കൃത്യമായി കർഷകന് ലഭിക്കുന്നതുമില്ല.
45 രൂപ മുതൽ 53 രൂപ വരെ വില നൽകി കുഞ്ഞിനെ വാങ്ങുന്ന കർഷകന് നാല്പത് ദിവസങ്ങൾക്ക് ശേഷം കിലോയ്ക്ക് 80 രൂപ ലഭിച്ചാൽ മാത്രമേ മുടക്കുമുതൽ തിരികെ കിട്ടുകയുള്ളൂ. ലാഭം ലഭിക്കണമെങ്കിൽ വില വീണ്ടും ഉയരണം. കോഴിത്തീറ്റയുടെയും മറ്റ് അനുബന്ധ ചെലവുകളുടെയും വർധനയും മേഖലയെ ക്ഷയിപ്പിച്ചു.
പ്രകൃതിദുരന്തങ്ങളും റബർ ഉൾപടെയുള്ള കാർഷിക വിളകളുടെ വിലയിടിവും കർഷകനെ കടക്കെണിയിലാക്കിയപ്പോൾ നിലനിൽപിനായി വീണ്ടും വായ്പ എടുത്താണ് ഭൂരിഭാഗം കർഷകരും ഇറച്ചിക്കോഴി കൃഷി ആരംഭിച്ചത്.
എന്നാൽ മിക്ക ഫാമുകളും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാകാത്ത വിധം സാമ്പത്തിക ബാധ്യതയിലേക്ക് വീണിരിക്കുന്ന ദുരവസ്ഥയിലാണ്. ഫാമുകളിൽ നിന്നും മൊത്ത വിതരണക്കാരാണ് കോഴികളെ ചില്ലറ വിൽപനക്കാരുടെ അടുക്കൽ എത്തിക്കുന്നത്.
ഇവരുടെ ചൂഷണം മൂലം ഇരുപതു രൂപയ്ക്ക് മുകളിൽ കിലോക്ക് നഷ്ടം സഹിച്ച് കർഷകൻ വിൽക്കാൻ നിർബന്ധിതനാകുമ്പോൾ ഇടനിലക്കാർ എടുക്കുന്ന ലാഭം ഇതിലും കൂടുതലുമാണ്. കിലോയ്ക്ക് 87 രൂപ തറവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നേ വരെ ഗുണം ചെയ്തിട്ടില്ലെന്ന് കർഷകർ പറയുന്നു.
കർഷകർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കുഞ്ഞും തീറ്റയും നൽകി ഈ മേഖലയിൽ മുതൽ മുടക്കിയിരിക്കുന്ന ഇന്റർഗ്രേറ്റർമാരും കടക്കെണിയിലാണ്.
നാല്പത് മുതൽ നാല്പത്തഞ്ച് ദിവസങ്ങൾക്കുള്ളിൽ വില്പന നടത്തിയില്ലെങ്കിൽ നഷ്ടക്കണക്ക് പരിധി വിട്ടുയരുമെന്നതിനാൽ കിട്ടുന്ന വിലനോക്കാതെ കർഷകന് കോഴികളെ ഒഴിവാക്കേണ്ടി വരുമെന്നുള്ളതാണ് ഇടനിലക്കാരക്കാരുടെ ചൂഷണം വർധിക്കാൻ കാരണം.
തറവില ഉയർത്തി ലഭ്യത ഉറപ്പ് വരുത്തി കർഷകർക്ക് ആശ്വാസ പദ്ധതികൾ ഉറപ്പുവരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.