ചെങ്ങന്നൂര്‍: കനത്തവേനല്ച്ചൂടില്നിന്ന് കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷാകവചമൊരുക്കുകയാണ് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രം. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ വൈറ്റമിന്‍ സി-മരുന്നുകളും ഫ്രീസറില്‍ വച്ചു തണുപ്പിച്ച വെള്ളവും നല്‍കിയാണ് കോഴികളെ കൂളാക്കുന്നത്.
കൂടാതെ തൈര്, പപ്പായ എന്നിവയും കൊടുക്കുന്നുണ്ടെന്ന് ഹാച്ചറി അധികൃതര്‍ പറഞ്ഞു. 11,000 കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കുന്നത്. കത്തുന്ന വേനല്‍ മുട്ടയുത്പാദനത്തെയും ബാധിച്ചു തുടങ്ങിയിരുന്നു.
നിലവില്‍ പ്രതി മാസം 80,000 കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. ഇവയെ വേനല്‍ച്ചൂടില്‍നിന്ന് സംരക്ഷിക്കുക വലിയ വെല്ലുവിളി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. 500 ദിവസം വരെയാണ് മുട്ടയുത്പാദനത്തിനായി കോഴികളെ വളര്‍ത്തുന്നത്. അതുകഴിഞ്ഞാല്‍ ഇറച്ചിയാവശ്യത്തിനു വില്‍ക്കും.
ലക്ഷ്യം ഒരുലക്ഷം
നാടന്‍കോഴികളെ കൂടാതെ ഗ്രാമശ്രീ, കാവേരി തുടങ്ങിയ സങ്കരയിനങ്ങളെയും ഹാച്ചറിയില്‍ വളര്‍ത്തുന്നുണ്ട്. മാസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ പ്രതിമാസം 80,000 കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ഷെഡുകള്‍, പുതിയ ഇന്‍ക്യു ബേറ്ററുകള്, ഫീഡ് ഫാമിന്റെ നവീകരണം എന്നിവ ഫയലില്‍ ഉറങ്ങുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഇവയുടെ നവീകരണത്തിന് ഏഴുകോടിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, അംഗീകാരമായിട്ടില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ 1.25 കോടി രൂപ ലഭിച്ചു.
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഏറ്റവുമധികം വാങ്ങുന്നത് പഞ്ചായത്തുകളാണ്. പഞ്ചായത്തുകളുടെ വാര്‍ഷികപദ്ധതിയില്‍ കോഴിക്കുഞ്ഞുങ്ങളെ നല്കുന്ന പരിപാടിയുണ്ട്. 45 മുതല്‍ 60 വരെ ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് നല്‍കുന്നത്.
കാടക്കുഞ്ഞുങ്ങളെയും
ഒരു കോഴിക്കുഞ്ഞിന് 120 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അഞ്ചെണ്ണം അടങ്ങുന്നതാണ് യൂണിറ്റ്. ഓരോ പഞ്ചായത്തും വലിയതോതിലാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു മാത്രമേ വാങ്ങാവൂ എന്ന നിര്‍ദേശമുള്ളതും ഹാച്ചറിക്കു ഗുണമാണ്.
അതേസമയം, സ്വകാര്യ ഫാമുകളില്‍ വളര്‍ത്തുന്ന കോഴി്കുഞ്ഞുങ്ങളുടെ നില അടിക്കടിയാണ് ഉയര്‍ത്തുന്നത്
. കേരളത്തിൽ ഏറ്റവും കൂടുതൽ കാടക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയെ ഉയർത്തിക്കൊണ്ടു വരികയെന്നതും വകുപ്പിന്റെ ലക്ഷ്യമാണ്.
കേന്ദ്രഫണ്ടിന്റെ അപര്യാപ്തത മൃഗസംരക്ഷണവകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും കേരളത്തിൽ നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് വളരെ കൃത്യതയോടെ കാര്യങ്ങൾ ചെയ്യുന്നു. ഹാച്ചറി നവീകരിച്ച് പുതിയ പേരന്റ് സ്റ്റോക്കിനെ കൊണ്ടുവന്ന് കോഴിയുടെയും മുട്ടയുടെയും ഉത്പാദനം കൂട്ടി കോഴികളെ വിരിയിച്ച് കർഷകർക്ക് വളർത്താനായി നൽകി കാര്യക്ഷമമായി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു.