തൃശൂർ: ഇറച്ചിക്കോഴികളിലെ ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സർക്കാർ അധീനതയിൽ സംവിധാനങ്ങളില്ല. കോഴികളിൽ ഹോർമോണ്‍ കുത്തിവെച്ച് വിൽക്കുന്നുവെന്ന പ്രചാരണത്തെ സംബന്ധിച്ച് തൃശൂർ മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷിന് സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന് നൽകിയ വിവരാവകാശ രേഖയിലാണ് ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സംവിധാനമില്ലെന്ന മറുപടി ലഭിച്ചത്.
സംസ്ഥാനത്ത് വിൽക്കുന്ന ഇറച്ചിക്കോഴികുഞ്ഞുങ്ങൾ പെട്ടന്ന് വളരാനും തൂക്കം കൂടാനും ഹോർമോണ്‍ കുത്തിവെപ്പ് നടക്കുന്നുവെന്നും ഇത് മനുഷ്യശരീരത്തിന് ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിച്ച് വ്യാജപ്രചാരണമെങ്കിൽ അതിനെതിരെ നടപടിയെടുക്കണമെന്നും തൃശൂർ മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പുമന്ത്രി വി.എസ്.ശിവകുമാറിനും ഭക്ഷ്യസുരക്ഷ കമ്മീഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ അതിൽ നടപടിയൊന്നുമുണ്ടായില്ല.
ഹോർമോണ്‍ സാന്നിധ്യം പരിശോധിക്കാൻ സർക്കാർ സംവിധാനമില്ലെന്ന് പറയുന്പോൾതന്നെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അന്വേഷണത്തിൽ ഇറച്ചിക്കോഴികളിൽ ഹോർമോണ്‍ കുത്തിവച്ച് വിൽക്കുുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മറുപടിയും വിവരാവകാശനിയമപ്രകാരം നൽകിയിട്ടുണ്ട്.
എന്നാൽ ഹോർമോണ്‍ സാന്നിധ്യം തിരിച്ചറിയാനുള്ള പരിശോധനകൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതെത്രമാത്രം വിശ്വസനീയമാണെന്ന ആശങ്ക ബാക്കിയാണ്. പരിശോധനക്ക് ലാബില്ലെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോഴികളിൽ ഹോർമോണ്‍ കുത്തിവയ്ക്കുന്നില്ലെന്ന് കോഴികർഷകർ പറയുന്നു. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് കോഴി കർഷകർ.