മാങ്കാംകുഴി: ചിക്കൻ വാങ്ങാനെന്ന വ്യാജേന കടകളിൽനിന്ന് പണം കവരുന്ന പ്രതിയെ മാവേലിക്കര കുറത്തികാട് പോലീസ് പിടികൂടി.
പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പ്ലാന്തോട്ടത്തിൽ വീട്ടിൽ റിനു റോയിയെയാണ്(30) അറസ്റ്റ് ചെയ്തത്.
മാങ്കാംകുഴിയിൽ സാന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ചിക്കൻ കടയിൽ നിന്നു മോഷണം നടത്തി പോകുന്ന വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരിസരപ്രദേശങ്ങളിൽ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടർന്ന് പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കോഴിക്കടയിൽ നിന്ന് 8,000 രൂപയും മാവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കോഴിക്കടയിൽ നിന്നും 12,000 രൂപയും പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോഴിക്കടയിൽ നിന്നും 19,500 രൂപയും ഉൾപ്പെടെ 39,500 രൂപ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.
മോഷ്ടിച്ച മുഴുവൻ പണവും പ്രതിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കുറത്തികാട് പോലീസ് ഇൻസ്പെക്ടർ പി.കെ മോഹിതിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാവേലിക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.