കേളകം: ഇറച്ചിക്കോഴിയുടെ ഫാം വില 55 വരെ എത്തിനിൽക്കുമ്പോൾ കടകളിൽ വിൽക്കുന്നത് 120 രൂപയ്ക്ക്. ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് ഈടാക്കുന്നത് ഇരട്ടി വില.
വിൽപ്പനക്കാർ കൊള്ളലാഭം കൊയ്യുന്നതായാണു പരാതി. ഓരോ ദിവസത്തെയും ഫാം വില അനുസരിച്ചാണ് കർഷകരിൽനിന്ന് കച്ചവടക്കാർ കോഴിക്കളെ വാങ്ങുന്നത്.
കോഴിവില വളരെ കുറഞ്ഞാലും അതിനാനുപാതികമായ കുറവ് കച്ചവടക്കാർ വരുത്തുന്നില്ല. കഴിഞ്ഞ ബുധനാഴ്ച ഫാമിൽ കോഴിയുടെ വില കിലോയ്ക്ക് 55 രൂപയായിരുന്നപ്പോൾ പല സ്ഥലങ്ങളിലും വിൽപ്പന നടന്നത് 110 നും 120 നും ഇടയിലാണ്.
ചില സ്ഥലങ്ങളിൽ 150 രൂപ വരെ. ചൊവ്വാഴ്ച 70 രൂപയായിരുന്നു ഫാം വില. 15 രൂപ കുറഞ്ഞു. അന്നേദിവസം 150 രൂപയ്ക്കു മുകളിലാണ് കച്ചവടക്കാർ കോഴി വിൽപ്പന നടത്തിയത്.
ഫാം വില കുറഞ്ഞിട്ടും കച്ചവടക്കാർ വില കുറയ്ക്കാൻ തയാറാകാത്തതിനെ തുടർന്ന് നാട്ടുകാർക്കിടയിൽ പ്രതിഷേധങ്ങളുണ്ടായി. തുടർന്നാണ് കച്ചവടക്കാർ ഇറച്ചി വില കുറച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച 80 രൂപയുണ്ടായിരുന്ന ഫാം വില ഒരാഴ്ചയ്ക്കിടെ വലിയതോതിൽ കുറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും ഇതു കാര്യമായി വർധിച്ചിട്ടില്ല. ഞായറാഴ്ച ഫാം വില 66 രൂപയായിരുന്നു. ഇന്നലെ 68 രൂപയും.
കോഴിയിറച്ചിക്ക് തോന്നിയപോലെ വില നിശ്ചയിക്കുന്നതിനുപിന്നിൽ വൻ കച്ചവട ലോബി പ്രവർത്തിക്കുന്നതായ ആരോപണം ഉയർന്നിട്ടുണ്ട്.
ഇക്കൂട്ടർ നിശ്ചയിക്കുന്നതിലും കുറഞ്ഞ വിലയിൽ ചിക്കൻ വിൽപ്പന നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായി വ്യാപാരികൾ പറയുന്നു.
കോഴിമാലിന്യം ശേഖരിക്കുന്നത് വിലക്കുക അടക്കമുള്ള പ്രതികാരനടപടികൾ വേറെയുമുണ്ടാകും. വിവാഹം, സൽക്കാരം മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കാത്തതും ഹോട്ടലുകൾ തുറക്കാത്തതുംമൂലം ഫാമുകളിൽ കോഴി വില്പന 70 ശതമാനം വരെ കുറഞ്ഞു.
കിലോയ്ക്ക് 40 രൂപവരെ നഷ്ടം സഹിച്ച് ഫാം ഉടമകൾ കോഴികളെ വിൽക്കുമ്പോൾ ഫാമിലെ വിലക്കുറവ് ഉപഭോക്താക്കൾക്ക് നൽകാതെ കൊള്ളലാഭം കൊയ്യുകയാണ് കച്ചവട ലോബികൾ.
ഫാം വില 55 രൂപവരെ എത്തുമ്പോൾ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് കർഷകർ പറയുന്നു. തീറ്റയ്ക്ക് വില വർധിക്കുകയും ചെയ്തതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്.
50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 2200 രൂപ നൽകണം. കോഴിക്കുഞ്ഞിന് 22 രൂപയുമാണിപ്പോൾ. ഉത്പാദനച്ചെലവ് നൂറുരൂപയോളമുണ്ട്.
കച്ചവടക്കാർ വില കുറയ്ക്കാൻ തയാറായാൽ കൂടുതൽ കച്ചവടം നടക്കുകയും ഫാമുകളിൽനിന്ന് കൂടുതൽ വിൽപന നടക്കുകയും ചെയ്യും. എന്നാൽ വില കൂട്ടി അധ്വാനം കുറച്ച് കൂടുതൽ ലാഭമുണ്ടാക്കുകയാണ് കച്ചവടക്കാരെന്നാണ് കർഷകർ പറയുന്നത്.
ഉത്പാദനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലും കച്ചവടക്കാർ കർഷകരെ സഹായിക്കാൻ തയാറാകാത്തതിനാലും പല കർഷകരും ഫാമുകളിൽനിന്ന് നേരിട്ടു വിൽപ്പന നടത്താൻ തുടങ്ങിയിട്ടുണ്ട്.
തീറ്റ വില കൂടുന്ന സാഹചര്യത്തിൽ വളർച്ചയെത്തിയ കോഴികളെ കൂടുതൽ കാലം വളർത്തിയാലുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ സമൂഹമാധ്യമങ്ങളിൽ അടക്കം പോസ്റ്റുകൾ ഇട്ട് കടകളിലേക്കാൾ കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുകയാണ് പല കർഷകരുമിപ്പോൾ.
ഓരോദിവസവും ഇറച്ചിവില ഫേസ്ബുക്കിലും വാട്ട്സാപ്പിലും പോസ്റ്റിട്ട് കടകളിലെ വിലയെക്കാൾ കുറഞ്ഞ വിലയിൽ നടത്തുകയാണ് കർഷകർ.