മുക്കം: എല്ലാ നിയന്ത്രണങ്ങളും മറികടന്ന് കോഴിക്കോട് ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു.
കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്നാണ് അധികാരികൾ നേരത്തെ വ്യാപാരികൾക്ക് നൽകിയ നിർദേശമെങ്കിലും ഇപ്പോൾ വില ദിവസംതോറും ഉയർന്നുവരികയാണ്.
കിലോക്ക് 220 രൂപയും കടന്ന് കോഴി ഇറച്ചി വില കുതിക്കുകയാണ്. ചില സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും പതിവായിട്ടുണ്ട്.
വിഷുവും റംസാൻ വ്രതവുമെല്ലാം അടുത്ത സമയത്തുള്ള ഈ വില വർധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിയിറച്ചി വില അനിയന്ത്രിതമായി വർധിക്കാൻ കാരണം ഫാം ഉടമകൾ ആണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തി.
തമിഴ്നാട്ടിൽനിന്നും കോഴി വരുന്നില്ലെന്ന് പറഞ്ഞു കൃത്രിമമായി വില വർധിപ്പിക്കുകയായിരുന്നു എന്നും വ്യാപാരികൾ ആരോപിച്ചു.
ഈ നീക്കത്തിനെതിരെയും കൃത്രിമ വിലവർധനയ്ക്കും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.