കോഴിക്കോട്: ഒരു കിലോ ചിക്കന്‍ വാങ്ങിയാല്‍ അഞ്ചു കിലോ പച്ചക്കറി സൗജന്യം! ജില്ലയിലെ വിവിധ കോഴിക്കടകളില്‍ കോഴികളെ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ പരസ്യം കണ്ട് ആളുകള്‍ കടയിലേക്ക് ഒഴുകി.
എന്നാല്‍ ഓഫറിന്റെ ഗുട്ടന്‍സ് അവര്‍ക്ക് പിടികിട്ടിയിരുന്നില്ല. കോഴിഫാമുകളില്‍നിന്ന് ചത്തതും പുഴുവരിച്ചതുമായ ഇറച്ചിയാണ് ഓഫറില്‍ വിതരണം ചെയ്തതെന്ന സംശയമാണ് ഇപ്പോൾ പുറത്തുവന്നത്.
ഇന്നലെ പാവങ്ങാട് -അത്തോളി റോഡില്‍ എരഞ്ഞിക്കല്‍ പുതിയപാലത്തിനു സമീപമുള്ള മൊത്തവ്യാപാര കോഴിക്കടയില്‍നിന്ന് 1500-ല്‍ അധികം ചത്ത കോഴികളെ കോര്പറേഷന് ഹെല്‍ത്ത് വിഭാഗം കണ്ടെടുത്തിരുന്നു.
ഇതോടെ കട കോര്പറേഷന് അടച്ചുപൂട്ടി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കടകളുള്ള സി.പി. റഷീദിന്റെ ഉടമസ്ഥതയിലുള്ള എം.കെ.ബി മാര്‍ക്കറ്റ് എന്ന കടയിലാണു ചത്ത കോഴികളെ വിറ്റത്.
ഈ കടയിലാണ് പത്തു മാസം മുമ്പ് കോഴിയിറച്ചിക്ക് വലിയ ഓഫർ പ്രഖ്യാപിച്ചത്. 200 രൂപ വിലയുള്ള കോഴിയിറച്ചിക്ക് എങ്ങനെയാണ് അഞ്ചു കിലോ സവാള സൗജന്യമായി നല്‍കുകയെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു.
ഇന്നലെ പിടിച്ചെടുത്ത കോഴിയിറച്ചിയിൽ പുഴുവരിച്ചിരുന്നു. ജില്ലയിലെ ബേക്കറികള്‍ക്കും േേഹാട്ടലുകള്ക്കും കല്ല്യാണ പരിപാടികള്‍ക്കുമെല്ലാം മൊത്തമായി കോഴികളെ വില്‍ക്കുന്ന സ്ഥാപനമാണിത്.
ഷവര്‍മ കടകളിലേക്ക് ഇവിടെനിന്നാണ് ചത്തകോഴികളെ കൊടുത്തിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങില്നിന്നാണ് ചത്ത കോഴികളെ കൊണ്ടുവരുന്നത്.