പത്തനാപുരം :കിഴക്കന്‍ മേഖലയില്‍ ചിക്കന്‍പോക്സ് പടരുന്നു.പിറവന്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രോഗം പടരുന്നത്.വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ രോഗബാധ കണ്ടെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പും രംഗത്ത്.ഒരു സ്കൂളിലെ തന്നെ ഇരുപത്തിയൊന്നോളം വിദ്യാര്‍ത്ഥികളില്‍ രോഗം കണ്ടെത്തിയതോടെ അധ്യയനത്തിനും അവധി നല്കി.
പിറവന്തൂര്‍ മോഡല്‍ യു.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിക്കന്‍പോക്സ് കണ്ടെത്തിയത്.ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ക്കൂളിന് അവധി നല്‍കിയത്. സ്ക്കൂളിലെ 21 കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരനടപടിയ്ക്ക് ആരോഗ്യവകുപ്പ് മുന്‍കൈ എടുത്തത്.തിങ്കളാഴ്ച മുതലാണ് സ്ക്കൂളിന് അവധി.
കുട്ടികളില്‍ ചിക്കന്‍പോക്സ് പരുന്നതിനെ തുടര്‍ന്ന് പിറവന്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്ധ്യ സുധാകര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്ക്കൂളിന് അവധി നല്‍കുകയായിരുന്നു.രോഗം അറിയാതെ കുട്ടികളില്‍ ആരോ ക്ലാസിലെത്തിയതാണ് രോഗാണുക്കള്‍ വ്യാപിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
രോഗം സ്ഥിരീകരിച്ച കുട്ടികള്‍ എല്ലാം നീരിക്ഷണത്തിലാണ്.മറ്റ് കുട്ടികള്‍ക്കെല്ലാം പ്രതിരോധമരുന്നുകളും നല്കി.അടുത്ത തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.ഈ സമയത്തിനുള്ളില്‍ സ്ക്കൂള് പൂര്‍ണ്ണമായും ശുചീകരിക്കും.ക്ലാസ് മുറികള്‍ കഴുകി വൃത്തിയാക്കി.ഇന്ന് ഫോഗിംഗും,കുടിവെള്ള സ്രോതസുകള്‍ ശുചീകരണവും ക്ലോറിനേഷനും നടത്തും.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അടക്കം ബോധവല്‍ക്കരണപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.