തൃശൂർ: കോഴി വില 20 രൂപയായിട്ടും ഹോട്ടലുകളിൽ കോഴിക്കറിക്ക് വില കുറയുന്നില്ല. ചിക്കൻബിരിയാണിക്കും കോഴിക്കറിക്കും പഴയ വില തന്നെ. കോഴി വില കുറഞ്ഞല്ലോയെന്ന് ചോദിക്കുന്ന നാട്ടുകാരോട് എത്ര കാലം ഹോട്ടലുകൾ തുറക്കാൻ കഴിയുമെന്നറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
പല ഹോട്ടലുകളിലും ആളുകൾ വരാത്തതിനാൽ അടച്ചു പൂട്ടിക്കൊണ്ടിരിക്കയാണ്. തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഹോട്ടലുടമകളും പറയുന്നു.
തമിഴ്നാട്ടിൽ നിന്ന് കോഴി കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വിറ്റു തീർക്കുന്ന കോഴിക്കച്ചവടക്കാർക്ക് ഹോട്ടലുകാരെങ്കിലും പരമാവധി വില നൽകിയാൽ കുറച്ചെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി രാഷ്ട്രദീപികയോട് പറഞ്ഞു.
കോഴിക്കച്ചവടക്കാർ മാത്രമാണിപ്പോൾ എല്ലാ ബുദ്ധിമുട്ടും നഷ്ടങ്ങളും സഹിക്കുന്നത്. നഷ്ടം സഹിച്ച് കോഴി വ്യവസായം തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതിന് എന്തെങ്കിലും സഹായം ചെയ്യേണ്ടവർ പോലും സഹായിക്കാത്തതിനാൽ ഭാവിയിൽ കോഴിക്കച്ചവടക്കാർ ഇല്ലാതാകുന്ന സ്ഥിതിയിലെത്തും.
ഇപ്പോൾ തമിഴ്നാട്ടിൽ 4500 കിലോയുടെ ഒരു ലോഡെടുത്താൽ കിലോയ്ക്ക് എട്ടു രൂപയ്ക്ക് കിട്ടും. അത്രയ്ക്കും താഴ്ത്തിയാണ് അവിടെ വിൽപന നടത്തുന്നത്.
കോഴികളെ നിർത്തിയാൽ തീറ്റ കൊടുത്ത് കൂടുതൽ നഷ്ടം വരും. തീറ്റ കൊടുക്കാതിരുന്നാൽ കോഴികൾ ചത്തൊടുങ്ങും. അതുകൊണ്ടാണ് നഷ്ടം സഹിച്ച് കിട്ടിയ വിലയ്ക്ക് കോഴികൾ വിറ്റവസാനിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരുന്നതിന്റെ ലോറി വാടക പോലും കിട്ടാതെയാണ് കോഴികൾ വിറ്റവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 25 രൂപയ്ക്ക് വിറ്റിരുന്ന കോഴി വില 20 രൂപയിലെത്തി.
കോഴികൾ കൂടുതൽ വന്നാൽ ഇനിയും വില താഴ്ത്തി വിൽക്കേണ്ട ഗതികേടിലെത്തും. തമിഴ്നാട്ടിലെ കോഴി കഴിയുന്നതുവരെ മാത്രമേ കോഴിക്കച്ചവടവും ഉണ്ടാകൂ.