കൂത്താട്ടുകുളം: കർഷകരെ പ്രതിസന്ധിയിലാക്കി ഇറച്ചിക്കോഴി വില ഇടിയുന്നു. കോഴി തീറ്റയുടെ വില വർധിക്കുന്പോഴും ഇറച്ചി വില കുറയുന്നത് നൂറുകണക്കിനു കർഷകരെ നട്ടം തിരിക്കുകയാണ്. നിലവിൽ ഒരു ചാക്ക് തീറ്റക്ക് 1700 രൂപ വരെയായി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 300 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കനത്ത വരൾച്ച മൂലം കോഴിത്തീറ്റക്ക് ആവശ്യമായ ചോളം, തിന തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതും റിലയൻസ്, വാൾമാർട്ട് തുടങ്ങിയ കുത്തക വ്യാപാരക്കാർ അമിത വിലയ്ക്ക് ഇവ വാങ്ങിക്കൂട്ടിയതുമാണ് തീറ്റയുടെ വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോഴിത്തീറ്റയ്ക്കു ക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ, കുത്തക കരാർ കൃഷിക്കാർ പോലും ഫാമുകളിൽ കോഴികുഞ്ഞ് ഇറക്കാതായിരിക്കുകയാണ്. മാർക്കറ്റിൽ കോഴിക്കുഞ്ഞുങ്ങളെ മത്സരിച്ച് വിൽപ്പന നടത്തിയതുമൂലം 50 രൂപ വരെ ഉയർന്നുനിന്ന കോഴിക്കുഞ്ഞുങ്ങളുടെ വില നിലവിൽ 11 രൂപയായി താഴ്ന്നിരിക്കുകയാണ്.
കോഴിക്കുഞ്ഞിന്റെ വില കുറഞ്ഞാലും തീറ്റ ലഭ്യമാകാത്തത് കർഷകർക്കു പ്രതിസന്ധിയായിരിക്കുകയാണ്. തീറ്റയുടെ ലഭ്യതക്കുറവും വെള്ളക്ഷാമം മൂലവും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കോഴികൾ ഒന്നായി വിൽപ്പനയ്ക്കെത്തിയതും വിലയിടിവിനു കാരണമായി. 90 രൂപയോളം ഫാം വില ലഭിച്ചിരുന്ന ഒരു കിലോ കോഴിക്ക് നിലവിൽ 52 രൂപയായിരിക്കുകയാണ്.
എന്നാൽ ഒരു കിലോ കോഴിയുടെ ഉത്പാദന ചെലവ് 70 രൂപയ്ക്കു മുകളിലാണ്. കോഴി വില ഏകീകരിക്കുന്നതിനായി സർക്കാർ മുൻകൈയെടുത്ത് ആരംഭിച്ച പദ്ധതി ഇതുവരെ പൂർണമായും പ്രാവർത്തികമാക്കാനായിട്ടില്ല. കെപ്കോ മുൻകൈയെടുത്തെങ്കിലും തെക്കൻ കേരളത്തിൽ പോലും ആവശ്യത്തിനു ഇറച്ചി നൽകുന്നതിനു സാധിച്ചില്ല. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നതിനു ശ്രമിച്ച ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി സർക്കാർ നിശ്ചയിച്ച 85 രൂപയിൽനിന്നു കൂടുതൽ വിലയ്ക്കാണ് നിലവിൽ വിൽപ്പന നടത്തുന്നത്.
കേരളത്തിലെ ഏക ഇറച്ചി സംസ്ക്കരണ ശാലയായ എംപിഐ കർഷകരിൽനിന്നു കോഴി വാങ്ങാതെ വിലകൂട്ടി വൻകിട കച്ചവടക്കാരിൽനിന്നു വാങ്ങുന്നതായും പറയപ്പെടുന്നു. ഫാം കെട്ടുന്നതു മുതൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കോഴി കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ഏകീകൃതമായ ഒരു സംഘടനയുടെ പേരായ്മയാണ് പ്രശ്നത്തിനു കാരണം.
കൊമേഴ്സ്യൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോഴി കർഷകരെ കൃഷിയുടെ പരിധിയിലാക്കുക, ക്ഷീര കർഷകർക്കെന്ന പോലെ കോഴി കർഷകർക്കു സബ്സിഡി നൽകുക, കോഴി, ചിക്സ് എന്നിവക്ക് താങ്ങുവില നിശ്ചയിക്കുക, കോഴി കർഷകരുടെ ഉന്നമനത്തിനായി താലൂക്ക് തലത്തിലും സംസ്ഥാന തലത്തിലും സഹകരണ സ്ഥാപനം തുടങ്ങുക, മിതമായ വിലയ്ക്ക് കോഴിക്കുഞ്ഞ്, തീറ്റ എന്നിവ ലഭ്യമാക്കുക തുടങ്ങിയവയിൽ അടിയന്തരമായി സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് കർഷകർ പറയുന്നത്.