മൂവാറ്റുപുഴ: വിപണിയിൽ കോഴി വില കുതിച്ചുയരുന്നു. പ്രളയത്തെത്തുടർന്നു സംസ്ഥാനത്തെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽനിന്നു വരവു കുറഞ്ഞതുമാണ് വില വർധനയ്ക്കു കാരണമായി പറയപ്പെടുന്നത്. നോന്പുകാലമാകുന്നതോടെ വില കാര്യമായി കുറയുമെന്ന പ്രതീക്ഷയിൽ കർഷകർ ഉത്പാദനം കുറച്ചതും നിലവിൽ വില വർധനയ്ക്കു കാരണമാകുന്നുണ്ട്.
പ്രളയത്തിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ നൂറുകണക്കിനു ഫാമുകളിലെ ആയിരക്കണക്കിനു കോഴികൾ ചത്തിരുന്നു. ആവശ്യക്കാർ കൂടിയതുമൂലം വ്യാപാരികൾ വില കൂട്ടുന്നതാണെന്ന ആക്ഷേപം ശക്തമാണ്. പ്രളയത്തെത്തുടർന്നു വിൽപന കുറഞ്ഞതോടെ കഴിഞ്ഞമാസം 75 രൂപയ്ക്കു താഴെ ചില്ലറ വിൽപന നടന്ന ഇറച്ചിക്കോഴിയ്ക്കു നിലവിൽ 135നു മുകളിലാണ് വില.
കോഴി വിലയുമായി ബന്ധപ്പെട്ടു സർക്കാർ ഏർപ്പെടുത്തിയ വില നിയന്ത്രണം ഒരു വശത്ത് നിലനിൽക്കുന്പോഴാണ് ഇറച്ചി വില ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രളയത്തെത്തുടർന്നു നഷ്ടത്തിലായ പല ഫാമുകളുടെയും പ്രവർത്തനം മന്ദഗതിയിലാണെന്നതും പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ്.
തീറ്റ, മരുന്ന്, വൈദ്യുതി തുടങ്ങിയ ഉത്പാദന ചെലവും വില വർധിക്കാൻ കാരണമാകുകയാണെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ വിപണിയിൽ കോഴിയിറച്ചിക്ക് അമിത വിലയിടാക്കുന്പോൾ ഇതര സംസ്ഥാനത്തുനിന്നുള്ള മൊത്ത വ്യാപാരികൾ കർഷകർക്കു കുറഞ്ഞ വിലയാണ് കോഴിയ്ക്കു നൽകുന്നതെന്ന ആക്ഷേപം ശക്തമാണ്. പലയിടങ്ങളിലും കൃഷിക്കാർക്ക് 80 രൂപയിൽ താഴെ നൽകിയാണ് മൊത്ത കച്ചവടക്കാരും മറ്റും കോഴിയെടുക്കുന്നത്.
പൗൾട്രി ഫാം മേഖലയിലെ മാഫിയയുടെ വേരോട്ടം ശക്തമായതിനു പിന്നാലെ കോഴിക്കുഞ്ഞുങ്ങൾക്കു വില വർധിച്ചതും വിപണിയിൽ ഇറച്ചിവില വർധിച്ചിട്ടും താരതമ്യേന താഴ്ന്ന വില ലഭിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വന്തം നിലയിലും അല്ലാതെയും കൃഷിയിറക്കിയിരിക്കുന്ന കർഷകരെ കോഴി മാഫിയയുടെ പ്രവർത്തനം രൂക്ഷമായി ബാധിക്കുകയാണ്.
ഇറച്ചി കോഴികൾക്കു മൊത്ത വ്യാപാരികൾ അകാരണമായി വിലയിടിക്കുന്നതാണ് സ്വന്തം നിലയിൽ കൃഷി ചെയ്യുന്നവരെ ദുരിതത്തിലാക്കുന്നതെങ്കിൽ, കൃത്യമായ ഇടവേളകളിലല്ലാതെ കുഞ്ഞുങ്ങളെ ഇറക്കി നൽകുന്നതാണ് കമ്മീഷൻ വ്യവസ്ഥയിൽ ഫാം നടത്തുന്ന കർഷകർ നേരിടുന്ന പ്രശ്നം.
പ്രളയത്തെത്തുടർന്നുണ്ടായ പ്രതിസന്ധിമൂലം സംസ്ഥാനത്തെ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ച നിലയിലാണ്. ഇതുമൂലം ഇതര സംസ്ഥാനത്തുനിന്നുള്ള ഇറച്ചിക്കു ഡിമാന്റ് വർധിക്കാൻ കാരണമായിട്ടുണ്ട്. ഷെഡിനും മറ്റു ഉത്പാദന ചെലവും ഉൾപ്പെടെയുള്ളവ കണക്കാക്കിയാൽ കൃഷിക്കാർക്കു കണ്ണീരു മാത്രമാണ് ബാക്കി.