കുമരകം: ഇറച്ചികോഴിയുടെ വില ജില്ലയിൽ ദിവസേന വർദ്ധിച്ചു കൊണ്ടിരിക്കുന്നു. വില വർദ്ധന നിസാരമല്ല, ഇരട്ടിയിലധികം വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിയെ തുടർന്നു കേരളത്തിലെ കോഴി വളർത്തൽ ഫാമുകൾ പ്രവർത്തനം മന്ദിഭവിച്ചതോതോടെ തമിഴ് നാട്ടിൽ നിന്നുമാണു കേരളത്തിലെ മാർക്കറ്റുകളിൽ കോഴികളെ എത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുമാണു കേരളത്തിലെ ഫാം ഉടമകൾ കോഴിക്കുഞ്ഞുങ്ങളേയും കോഴി തീറ്റയും എത്തിക്കുന്നത്. കേരളത്തിലെ ഫാമുകളിൽ കോഴികൾ വില്പനയ്ക്കു വളർച്ച എത്തുന്ന സീസണ് തമിഴ് നാട്ടിലെ കർഷകർ അറിയുകയും കോഴി വില ഗണ്യമായി കുറക്കുകയും ചെയ്തു കേരളത്തിലെ കോഴി കൃഷി നഷ്ടത്തിലാക്കി തീർക്കാൻ ഗൂഡ നീക്കം നടത്തി വരികയാണെന്നും കേരളത്തിലെ കർഷകർ പറയുന്നു.
കേരളത്തിൽനിന്നും കോഴികളെ ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിലെ കർഷകർ ദിവസേന വില വർദ്ധിപ്പിച്ചു വരുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇന്ന് ജില്ലയിൽ 148 രൂപയാണ് ഒരു കിലോ കോഴിയുടെ വില.
58 രൂപയിൽ നിന്നാണ് 90 രൂപാ വർദ്ധിച്ച് 148ൽ എത്തി നിൽക്കുന്നത്.
നിത്യ ഉപയോഗ സാധനങ്ങളുടെ വില അടിക്കടി കൂടുന്നത് സാധരണക്കാർക്കു മാത്രമല്ല വ്യവസായികൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോഴി വില വർദ്ധനവ് കാറ്ററിംഗ് സർവീസുകാരേയും ഹോട്ടൽ വ്യവസായികളും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.