കോട്ടയം: ഇറച്ചിക്കോഴിക്കും പന്നിയിറച്ചിക്കും വില കുത്തനെ കയറി. കോഴിയിറച്ചി ചില്ലറ വില 140 കടന്നു. പന്നിയിറച്ചി ജനുവരിയില്‍ 300 രൂപയില്‍നിന്ന് 350 രൂപ കടന്നു. പോര്ക്കിന് വര്‍ഷത്തിനുള്ളില്‍ കിലോയ്ക്ക് 100 രൂപയുടെ കയറ്റം. ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ മാംസ വില കുറയുന്ന പതിവ് ഇക്കൊല്ലമുണ്ടായില്ല. നോമ്പുകാലമായിട്ടും വിലയില്‍ താഴ്ചയില്ല.
ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.ചൂടു കൂടിയതോടെ ഫാമുകളില്‍ കോഴിവളര്‍ത്തല്‍ കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കേരളത്തിലും തമിഴ്നാട്ടിലും കോഴി ഫാമുകള്‍ പലതും അടച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും നഷ്ടമുണ്ടാക്കുന്നു.
നാല്പതാം ദിവസം രണ്ടര കിലോയിലേക്ക് വളരേണ്ട കോഴിക്ക് ഒന്നര കിലോ മാത്രമാണ് ശരാശരി തൂക്കം. സാധാരണ ഈ സീസണില്‍ പരമാവധി 130 രൂപ വരെയാണ് ചിക്കന്‍ വില വരാറുള്ളത്.
രണ്ടു മാസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ പന്നിയിറച്ചിക്ക് 70 രൂപയോളമാണ് വര്‍ധിച്ചത്. നാട്ടില്‍ പന്നി ഫാമുകളും കുറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വരവിലും കുറവുണ്ട്.
തമിഴ്നാട്ടിലും കര്‍ണാടകയിലും പന്നികള്‍ക്കു വിലകൂടുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനി കാരണം നാട്ടിലുള്ള പന്നികളെ കൂട്ടത്തോടെ കൊല്ലുന്നതും ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്.
വിലക്കയറ്റം കാരണം ഹോട്ടല്‍ ഉടമകളും ചിക്കന്‍, പോര്‍ക്ക് വാങ്ങുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ട്. 80 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതി വിജയം കണ്ടില്ല. മിതമായ നിരക്കില്‍ പന്നിയിറച്ചി ലഭ്യമാക്കാനുള്ള സംരംഭവും നേട്ടമായില്ല.
സ്വന്തം ലേഖിക