പാലക്കാട്: സംസ്ഥാനത്തെ ആദ്യ “കേരള ചിക്കൻ പ്രൊഡ്യൂസർ കന്പനി’ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ആരംഭിക്കുന്നു. ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ആവശ്യകതയെയും ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി കന്പനിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. കെ. ബാബു എംഎൽഎ അധ്യക്ഷനായി. കേരളത്തിൽ ആദ്യമായി ഇറച്ചിക്കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ജനനി പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് കന്പനി രൂപവത്കരിക്കുന്നത്. കേരള ചിക്കൻ ബ്രാൻഡിൽ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ് ലഭ്യമാക്കുക.
ഇതിനായി ബ്രോയിലർ പാരന്റ് ഫാം (ബ്രീഡർ ഫാം) ഹാച്ചറി, മാംസ സംസ്കരണശാല, ഫാം, വില്പനശാല എന്നിവ തയാറാക്കും. ഇതിന്റെ തുടക്കമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രീഡർ ഫാമും മാംസ സംസ്കരണശാലയും ജില്ലയിൽ സ്ഥാപിക്കും.