കോട്ടയം: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ ചില്ലറ വിൽപ്പന വില കുതിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കോഴി വില 150 രൂപ കടന്നു. ഇതിനു മുന്പ് സംസ്ഥാനത്ത് 140 രൂപയിൽ കൂടുതൽ വില ഉയർന്നിട്ടില്ല. രണ്ടാഴ്ചമുന്പുവരെ 85-90 രൂപ നിരക്കിലായിരുന്നു കോഴി വില. ഇതാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 50-60 രൂപയോളം വർധിച്ചത്.
തമിഴ്നാട്ടിൽ ഫാമിലെ മൊത്തവില കിലോയ്ക്ക് 116 രൂപയാണ്. ഇന്ധനവില വർധിച്ചതോടെ ചരക്ക്കൂലിയിലുണ്ടായ വർധന മൂലം ഇതരസംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നതിന് ചെലവ് ഏറുകയാണ്. ഇതിനു മുന്പ് സംസ്ഥാനത്ത് 140 രൂപയിൽ കൂടുതൽ വില ഉയർന്നിട്ടില്ല. രണ്ടാഴ്ചമുന്പുവരെ 85-90 രൂപ നിരക്കിലായിരുന്നു വില. ഇതാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 50-60 രൂപയോളം വർധിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം വൻ വർധനയാണ് ഉണ്ടായത്. മഹാനവമി, വിജയദശമി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്നാട്ടിലും കർണാടകയിലും ഏതാനും ദിവസങ്ങളായി അവധിയായതിനാൽ അവിടെ നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞതും വിലവർധനവിന് കാരണമായി. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ 50 ശതമാനം ഫാമുകൾക്കും നാശം സംഭവിച്ചിരുന്നു. വെള്ളം കയറി ലക്ഷക്കണക്കിനു കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങി. ഈ കുഞ്ഞുങ്ങൾ വളർച്ചയെത്തേണ്ട കാലയളവാണിപ്പോൾ.
സംസ്ഥാനത്ത് ആഴ്ചയിൽ 60 ലക്ഷം ഇറച്ചിക്കോഴികളാണ് ആവശ്യമായി വരുന്നത്. നിലവിൽ ഇതിന്റെ പകുതി ഉത്പാദനം മാത്രമാണ് നടക്കുന്നത്. പ്രളയത്തെ തുടർന്നു നശിച്ച ഫാമുകളിൽ ഭൂരിഭാഗവും ഇനിയും പ്രവർത്തനസജ്ജമാക്കാനായിട്ടില്ല. ഭാരിച്ച സാന്പത്തിക ബാധ്യതയാണ് കർഷകരെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി വില കുത്തനെയിടിഞ്ഞതിനാൽ ഫാമുകളിൽ ഉത്പാദനം കുറച്ചതും ഇറച്ചിക്കോഴി ക്ഷാമത്തിന് കാരണമാകുകയും വിലവർധനവിന ഇടയാക്കുകയും ചെയ്തു. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ്, മരുന്ന് തുടങ്ങിയവ ഉൾപ്പെടെ ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കണമെങ്കിൽ ശരാശരി 75 രൂപവരെ ചെലവുവരുന്നുണ്ടെന്നും കിലോയ്ക്ക് 100 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകനു നഷ്ടമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും പൗൾട്രി ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി എസ്.ജയകുമാരൻ ദീപികയോട് പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി വാറ്റ് ഒഴിവാക്കിയതോടെ കിലോയ്ക്ക് 14.50 രൂപ കുറവു വന്നിരുന്നു. ഇതേ തുടർന്നു സംസ്ഥാനത്ത് ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപ നിരക്കിൽ വിൽപന നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമീപകാലത്തെ സാഹചര്യങ്ങൾ വില കുതിച്ചുയരുന്നതിനു കാരണമാകുകയായിരുന്നു.
പ്രളയത്തിൽ നിരവധിഫാമുകൾ വെള്ളം കയറി നശിച്ചതിനു പുറമേ സാന്പത്തിക പ്രതിസന്ധിമൂലം വില്പനയിൽ ഗണ്യമായ കുറവ് വന്നതോടെ കിലോയ്ക്ക് 60-70 എന്ന തോതിലേക്ക് വില താഴ്ന്നു. ഇതു ഹോട്ടലുകളിലും മറ്റും കോഴിയിറച്ചി ഉപയോഗിച്ചു പാകപ്പെടുത്തുന്ന വിഭവങ്ങൾക്ക് വില കുറയ്ക്കണമെന്ന ആവശ്യവും ഇതോടെ ഉയർന്നിരുന്നു. ഇതിനിടെയാണ് ഇറച്ചിക്കോഴി വില റിക്കാർഡ് ഭേദിച്ച് മുന്നേറുന്നത്. വരും ദിവസങ്ങളിൽ വില അല്പ്പം കൂടി ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു.
ജെയിസ് വാട്ടപ്പിള്ളിൽ