ആലപ്പുഴ: ഇറച്ചിക്കോഴിയുടെ വില്പന വിലയെച്ചൊല്ലി സർക്കാരുമായി സമവായത്തിലെത്താൻ സാധിക്കാത്തതിനെത്തുടർന്ന് കോഴി വ്യാപാരികൾ സമരം തുടങ്ങി. സംസ്ഥാനത്തെ ചെറുതും വലുതുമായ 35,000ത്തോളം വില്പന കേന്ദ്രങ്ങളാണ് സമരത്തെ തുടർന്നു അടഞ്ഞുകിടക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ വീടുകളോടു ചേർന്നുള്ള ഇറച്ചിക്കോഴി വില്പന കേന്ദ്രങ്ങൾ പലയിടങ്ങളിലും നാമമാത്രമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്നു വൈകുന്നേരത്തോടെ ഇവയുടെ പ്രവർത്തനവും നിലയ്ക്കും. ചില്ലറ വില്പന കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ തന്നെ സ്റ്റോക്കെടുക്കുന്നതു നിർത്തിയിരുന്നു. അവധിദിവസമായ മിനിയാന്നത്തെ കച്ചവടത്തിനുശേഷം അവശേഷിച്ച കോഴികളെ ഇന്നലെ പുലർച്ചെയോടെ ഇറച്ചിയാക്കി ഹോട്ടലുകൾക്കും മറ്റുമായി നൽകിയിരുന്നു.
ഇറച്ചിക്കോഴിയ്ക്ക് വില ഇന്നുമുതൽ കിലോയ്ക്കു 87 രൂപയേ ഈടാക്കാവുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദേശത്തെ തുടർന്നാണ് ഇറച്ചിക്കോഴി മേഖലയിൽ സമരത്തിനിടയാക്കിയത്. വില കുറയ്ക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയും ഉത്പാദനത്തിനും വിതരണത്തിനുമായി ആവശ്യമാകുന്ന തുക കണക്കാക്കുന്പോൾ സർക്കാർ നിർദേശം അംഗീകരിക്കാനാവില്ലെന്ന നിലപാട് വ്യാപാരികളും സ്വീകരിച്ചതോടെയാണ് സമരത്തിന് കാരണമായത്.
വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയിൽ ചർച്ച നടത്തിയിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. വില കൂട്ടി വിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തോന്നിയ വിലയ്ക്കു കോഴിയിറച്ചി വിൽക്കാമെന്നു കരുതരുതെന്നും ധനമന്ത്രി പറഞ്ഞു.
ചരക്കുസേവന നികുതിയുടെ ആനുകൂല്യം ജനങ്ങൾക്കു ലഭിക്കണം. നേരത്തെ ഇറച്ചിക്കോഴിക്ക് 14.5 ശതമാനം നികുതിയുണ്ടായിരുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോൾ നികുതി കുറഞ്ഞു. എന്നാൽ 40 ശതമാനത്തോളം വിലയിൽ വർധനവുണ്ടായെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ നിന്നും കൂടിയ വിലയ്ക്കാണ് കോഴിയെ ലഭിക്കുന്നതെന്നും അതിനാൽ സർക്കാർ പറയുന്ന വിലയ്ക്ക് വിൽക്കാൻ കഴിയില്ലെന്നുമായിരുന്നു വ്യാപാരികളുടെ വാദം. സർക്കാർ വിളിച്ചാൽ ഇനിയും പ്രശ്ന പരിഹാരത്തിന് ചർച്ചയ്ക്കു തയാറാണെന്നും വ്യാപാരികൾ വ്യക്തമാക്കിയിട്ടുണ്ട്.